അമീബിക് മസ്തിഷ്കജ്വരം.. മുപ്പതിലേറേ പേർ ചികിത്സയിൽ.. ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക..

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് മുപ്പതിലേറേ പേർ ചികിത്സയിൽ. കൂടുതൽ രോഗികളും തെക്കൻ ജില്ലകളിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ 108 പേരുടെ രോഗമാണ് റിപ്പോർട്ട് ചെയ്തത്. 24 മരണവും റിപ്പോർട്ട് ചെയ്തു. ഒന്നരമാസത്തിനിടെ 61 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പതിനഞ്ച് മരണമാണ് ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. മിക്ക കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കയാണ്.

കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരനും പാലക്കാട് കൊടുമ്പ് സ്വദേശിയായ 62 കാരനും ഇന്നലെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊടുമ്പ് സ്വദേശി നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളുടെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Related Articles

Back to top button