സ്ത്രീശാക്തീകരണത്തിനായി കേരള വനിതാ കമ്മീഷൻ മുഖാമുഖം.. നാളെ തുടക്കം..
എല്ലാ മേഖലകളിലും സ്ത്രീശാക്തീകരണം സാധ്യമാക്കുന്നതിനായി കേരള വനിതാ കമ്മീഷൻ മുഖാമുഖം സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് നാളെ തുടക്കമാകും. സ്ത്രീകൾക്കും കുട്ടികൾക്കുമായി സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികൾ കൃത്യമായി അവരിലെത്തിക്കുക, സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തുക, എന്നീ ലക്ഷ്യങ്ങളുമായാണ് മുഖാമുഖം പരിപാടികൾ നടത്തുന്നതെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. പുതിയ ആശയങ്ങൾ വിവിധ മേഖലകളിലുള്ളവരിൽനിന്ന് ലഭിക്കേണ്ടതുമുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ഇറങ്ങിച്ചെന്ന് സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലേക്കി പരിഹാര മാർഗം സർക്കാരിലേക്ക് ശിപാർശയായി സമർപ്പിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗംകൂടിയാണിത്.
ആദ്യ ദിനം”നാം മുന്നോട്ട് – സ്ത്രീശക്തി വരും നാളുകളിൽ” എന്ന വിഷയത്തിൽ കമ്മീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സന്നദ്ധ സംഘടനാ പ്രതിനിധികൾ, വുമൺ ഫാസിലിറ്റേറ്റർമാർ എന്നിവരെ ഉൾപ്പെടുത്തിയുള്ളതാണ്. രാവിലെ പത്തിന് വനിതാ- ശിശു വികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം നിർവഹിക്കും. സർക്കാർ പ്ലീനറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ടി ഗീനാകുമാരി വിഷയാവതരണം നടത്തും.
രണ്ടാം ദിനമായ ചൊവ്വാഴ്ച (14) “നൂതന കുടുംബശ്രീ സംരംഭങ്ങൾ- സാധ്യത, അവലോകനം” എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടി രാവിലെ പത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. യുവതികളുടെ സാമൂഹിക, സാംസ്ക്കാരിക, ഉപജീവന ഉന്നമനത്തിനായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സൃഷ്ടിക്കുന്ന പുതിയ തൊഴിൽ സാധ്യതകൾ പരിപാടിയിൽ ചർച്ച ചെയ്യും. കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ സി വിഷയാവതരണം നടത്തും.