ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഞെട്ടിക്കുന്ന അറസ്റ്റ്..പിടിയിലായത് ബന്ധുവും ഉദ്യോഗസ്ഥനുമായ..
ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ബന്ധു അറസ്റ്റിൽ. സുബീന്റെ ബന്ധുവും അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മരണത്തിന് തൊട്ടുമുൻപ് സിംഗപൂരിലെ കപ്പലിൽ നടന്ന പാർട്ടിയിൽ സുബീനൊപ്പം ഇയാളും പങ്കെടുത്തിരുന്നു. കേസിൽ ഇയാളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. നേരത്തെ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയെയും ഫെസ്റ്റിവൽ ഓർഗനൈസർ ശ്യാംകാനു മഹന്തയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സിംഗപ്പൂരിൽ നിന്നും തിരിച്ചെത്തിയ മഹന്തയെ ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. സിദ്ധാർത്ഥ ശർമയെ ഗുരുഗ്രാമിൽ നിന്നുമാണ് പിടികൂടിയത്.
സെപ്തംബർ 19 നാണ് സിംഗപ്പൂരിൽ നീന്തുന്നതിനിടെയുണ്ടായ അപകടത്തിൽ സുബീൻ ഗാർഗ് മരണപ്പെട്ടത്. ‘ഗ്യാങ്സ്റ്റർ’ എന്ന ഹിന്ദി സിനിമയിലെ ‘യാ അലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ഗാർഗ് ദേശീയ ശ്രദ്ധ നേടിയത്. അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയുടെയും ശ്യാംകാനു മഹന്തയുടെയും വസതികളിൽ റെയ്ഡ് നടത്തിയിരുന്നു. പരിശോധന നടക്കുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുബീൻ ഗാർഗിന്റെ മരണം മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെ ഇത് സംഭവിച്ചുവെന്നതിലാണ് അന്വേഷണം നടക്കുന്നത്. സിംഗപ്പൂരിൽ ആദ്യ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം അസമിൽ എത്തിച്ച് രണ്ടാമത്തെ പോസ്റ്റ്മോർട്ടം കൂടി നടത്തിയിരുന്നു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവൽ സംഘാടകർ ഉൾപ്പെടെ ഗാർഗിനൊപ്പം സിംഗപ്പൂരിൽ പോയ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.