ഹോട്ടൽ മുറിയിൽ യുവതി മരിച്ചനിലയിൽ; അടുത്ത മുറിയിൽ താമസിച്ചത് കാമുകനും മറ്റൊരു പെൺസുഹൃത്തും…
ബെംഗളൂരുവിൽ മാഗഡി മെയിൻ റോഡിലുള്ള ഒരു ഹോട്ടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കാമാക്ഷിപാളയത്ത് താമസിക്കുന്ന വീട്ടമ്മയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഒരു ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. യുവതിക്ക് അയൽവാസിയായ ഒരു ഓഡിറ്ററുമായും ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏതാനും മാസങ്ങൾക്കുമുമ്പ് ഈ യുവതി തന്റെ ഒരു വനിതാ സുഹൃത്തിനെ അയൽവാസിയായ ഓഡിറ്റർക്ക് പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലായി.
വ്യാഴാഴ്ച, തന്റെ കാമുകനും സുഹൃത്തും അടുത്തുള്ള ഒരു ഹോട്ടലിൽ ഒരുമിച്ചുണ്ടെന്ന് യുവതി അറിഞ്ഞു. ഉടൻ തന്നെ യുവതി അവർ താമസിച്ച മുറിയുടെ അടുത്തുള്ള മുറി ബുക്ക് ചെയ്തു. ഇരുവരുടെയും സാന്നിധ്യം ഉറപ്പിച്ച ശേഷം യുവതി ഇവരെ വിളിപ്പിച്ചു. എന്നാൽ ഹോട്ടൽ മുറി തുറക്കാൻ കാമുകൻ തയ്യാറായില്ല. ഇതോടെ ഹോട്ടൽ മുറിയുടെ വാതിലിന് പുറത്ത് വെച്ച് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ബഹളമാവുകയും ചെയ്തു. തുടർന്ന് ഇയാൾ ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചു. യുവതി സ്വന്തം മുറിയിലേക്ക് പോയി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പ്രാഥമിക തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓഡിറ്ററെ കൂടുതൽ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ സംശയാസ്പദമായ മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്.