25 കോടിയുടെ ബമ്പർ; ഭാഗ്യശാലിയുടെ കൈയിലെത്തുക എത്ര?…

പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസിൽനിന്ന് തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജൻസി വാങ്ങി എറണാകുളത്തെ നെട്ടൂരിലെ സബ് ഏജന്റ് വിറ്റ തിരുവോണം ബമ്പർ ടിക്കറ്റിന് 25 കോടിയുടെ ഒന്നാം സമ്മാനം. ടിഎച്ച് 577825 ആണ് ടിക്കറ്റ് നമ്പർ. ഭാഗ്യശാലി ആരെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല.
ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് 15.75 കോടി രൂപയാണ് കിട്ടുക. ബാക്കി ഏജന്റിനുള്ള കമ്മിഷനും നികുതിയുമായി പോകും. മന്ത്രി കെ.എൻ. ബാലഗോപാലാണ് നറുക്കെടുത്തത്. 500 രൂപ വിലയുള്ള 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.
അതേ സമയം, ശനിയാഴ്ച നറുക്കെടുപ്പ് നടന്ന സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ പറവൂരിൽ രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിച്ചു. കനാൽറോഡ് ആതിര ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റുപോയ ടിക്കറ്റിനാണ് ഒരു കോടി രൂപയുടേയും 50 ലക്ഷം രൂപയുടേയും സമ്മാനങ്ങൾ ലഭിച്ചത്. ടിജി 801966 എന്ന നമ്പറിനാണ് ഒരു കോടി രൂപയുടെ സമ്മാനം. ടിഎ 774395 എന്ന നമ്പറിനാണ് 50 ലക്ഷം രൂപയുടെ സമ്മാനം. ആതിര ഹോൾസെയിൽ ഏജൻസിയിൽ നിന്നു ടിക്കറ്റ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരിൽ നിന്നു വിറ്റുപോയിട്ടുള്ള ടിക്കറ്റുകൾക്കാണ് രണ്ടും സമ്മാനങ്ങളും ലഭിച്ചിട്ടുള്ളതെന്ന് കടയുടമ ഷിബു പറഞ്ഞു.



