ശബരിമലയിലേക്കുള്ളതെന്ന്പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് കവാടം നിർമ്മിച്ചു.. ചെന്നൈയിൽ പൂജയും നടത്തി.. ചടങ്ങിൽ നടൻ ജയറാമും….

ശബരിമലയുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വര്‍ണ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.വാതിൽ നിര്‍മാണത്തിന് ശേഷം ചെന്നൈയില്‍വെച്ച് പൂജ നടന്നു. നടന്‍ ജയറാമും ഗായകൻ വീരമണിയും ചടങ്ങില്‍ പങ്കെടുത്തു.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതില്‍ നിര്‍മിച്ചിരിക്കുന്നത്. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിലിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയില്‍ സമര്‍പ്പിക്കാന്‍ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതില്‍ നിര്‍മിക്കുകയായിരുന്നു. ആന്ധ്രയില്‍ തന്നെയായിരുന്നു വാതിലിന്റെ നിര്‍മാണം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച ശേഷമാണ് സ്വര്‍ണം പൂശിയത്. തുടര്‍ന്ന് ചെന്നൈയില്‍ തന്നെ വലിയ ചടങ്ങുകള്‍ നടന്നു. ഇതിന്റെ ഭാഗമായാണ് അയ്യപ്പഭക്തന്‍ കൂടിയായ നടന്‍ ജയറാം പങ്കെടുക്കുന്നത്.ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടു തൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്.ഈ വാതില്‍ ശബരിമലയില്‍ എത്തിയോ എന്നതില്‍ വ്യക്തതയില്ല.
ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അടക്കം പ്രതികരണം വരേണ്ടതുണ്ട്.അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. 2020-25 കാലയളവില്‍ ഉണ്ണികൃഷ്ണന്‍ നടത്തിയ ഇടപാടുകളാണ് അന്വേഷിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ പോറ്റി മുപ്പത് കോടിയിലധികം രൂപയുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന സൂചന.



