കരൂർ ദുരന്തം.. മുൻകൂർ ജാമ്യാപേക്ഷ നൽകാനൊരുങ്ങി ടിവികെ നേതാക്കൾ..
കരൂർ ദുരന്തത്തിൽ മുൻകൂർ ജാമ്യത്തിനായി തമിഴക വെട്രി കഴകം (ടിവികെ) നേതാക്കൾ. കരൂർ ദുരന്തത്തിലെ രണ്ടും മൂന്നും പ്രതിസ്ഥാനത്തുള്ള ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് സെക്രെട്ടറി നിർമൽകുമാർ എന്നിവരാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. പൊലീസ് അറസ്റ്റ് നീക്കം സജീവമാക്കിയതോടെയാണ് ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നത്.
ഒളിവിലുള്ള ഈ നേതാക്കൾക്കെതിരെ ട്രിച്ചിയിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതേസമയം തമിഴ് യൂട്യൂബർ ഫെലിക്സ് ജെറാൾഡിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഒരു ബിജെപി പ്രവർത്തകനെയും രണ്ട് ടിവികെ പ്രവർത്തകരെയുമാണ് റിമാൻഡ് ചെയ്തത്. 25 പേർക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ന് ടിവികെയുടെ പ്രാദേശിക നേതാവായ പൗൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കഴിഞ്ഞ ദിവസം ടിവികെ നേതാവ് മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുരന്തത്തിന് പിന്നാലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിരിക്കുകയാണ്. കരൂർ ചിന്ന ആണ്ടാൻ കോവിലിലെ പാർട്ടി ഓഫീസാണ് പൂട്ടിട്ട നിലയിൽ ഉള്ളത്. അതേസമയം ദുരന്തത്തിൽ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവായ വില്ലുപുരം സ്വദേശി വി അയ്യപ്പൻ ആത്മഹത്യ ചെയ്തു.
ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂർ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ തന്നെ ആളുകൾ തളർന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും അടക്കമുള്ളവർ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികൾ, പതിനാറ് സ്ത്രീകൾ, പന്ത്രണ്ട് പുരുഷന്മാർ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.
ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആഫിൽ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്നും നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. ഇത്രയേറെ ആളുകൾ തടിച്ചുകൂടിയിട്ടും റാലിയിൽ ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാർ ഉണ്ടായില്ലെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്നാണ് ടിവികെയുടെ ആരോപണം. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്ന് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ടിവികെ പറയുന്നു. ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കരൂരിൽ സംഭവിച്ചതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷണം വേണമെന്നും ടിവികെ സത്യവാങ്മൂലത്തിൽ പറയുന്നു.