ഹോം വര്‍ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ ടീച്ചര്‍ തലകീഴായി കെട്ടിയിട്ട് തല്ലി.. പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്…
ഗൃഹപാഠം ചെയ്യാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത. ഏഴു വയസുകാരനെ ജനല്‍കമ്പിയില്‍ തലകീഴായി കെട്ടിയിട്ട് സ്‌കൂള്‍ ബസ് ഡ്രൈവറെക്കൊണ്ട് മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും ബസ് ഡ്രൈവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഹരിയാന പാനിപത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന, ഡ്രൈവര്‍ അജയ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജട്ടല്‍ റോഡിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്.
അടുത്തിടെയാണ് തന്റെ മകനെ ഈ സ്‌കൂളില്‍ ചേര്‍ത്തതെന്ന് മര്‍ദനത്തിന് ഇരയായ കുട്ടിയുടെ അമ്മ പറഞ്ഞു. തന്റെ മകനെ ജനല്‍കമ്പിയില്‍ തലകീഴായി കെട്ടിയിട്ട് സ്‌കൂള്‍ ബസ് ഡ്രൈവറെ കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി രംഗത്തുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. വീഡിയോ കണ്ടതിനുശേഷം, താനും മറ്റ് കുടുംബാംഗങ്ങളും അതേ ദിവസം തന്നെ സ്‌കൂളിലെത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീനയോട് സംഭവത്തെക്കുറിച്ച് ചോദിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ മകന്‍ ഹോംവര്‍ക്ക് ചെയ്തില്ലെന്നും ബസ് ഡ്രൈവര്‍ അജയെ വിളിച്ച് മകനെ ശകാരിച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞതായും മാതാപിതാക്കള്‍ പറയുന്നു.
വിഡിയോ കുട്ടിയുടെ അമ്മ ഡോളി കാണാനിടയായതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെടലുണ്ടാകുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന പതിവായി കുട്ടികളെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും സ്‌കൂളിലെ ശുചിമുറികള്‍ കുട്ടികളെക്കൊണ്ടാണ് വൃത്തിയാക്കാറുള്ളതെന്നും രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു.