തുടരെ തുടരെ അപകടം..കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സിന് ദാരുണാന്ത്യം..
തിരുവനന്തപുരത്ത് വീണ്ടും കെഎസ്ആർടിസി ബിസിനടിയിൽപ്പെട്ട് മരണം. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആരതി രാജ് ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്കൂട്ടർ വളയ്ക്കുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു. സ്കൂട്ടർ വരുന്നത് കാണാതെയാണ് ബസ് പിന്നിലേക്ക് എടുത്തത്. പേട്ട ലോർഡ്സ് ജംഗ്ഷനിലായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് ആരതി അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ഡ്രൈവറെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ആരതിയുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതേസമയം കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിയുടെ അടിയിൽപ്പെട്ട് സ്ത്രീ മരണപ്പെട്ടത്. തിരുവനന്തപുരം കളിക്കാവിള സ്വദേശി സുലേഖ ബീഗം (49) ആണ് മരിച്ചത്. ബസ് മുന്നിലേക്ക് എടുത്തപ്പോൾ സുലേഖ ബീഗം കെഎസ്ആർടിസിയ്ക്കടിയിൽപ്പെട്ടു പോവുകയായിരുന്നു. ആശുപത്രിയിലെത്തി മടങ്ങി പോകുന്നതിനിടയായിരുന്നു അപകടം. സുലേഖ ബസിന് മുന്നിലൂടെ പോകുന്നത് ഡ്രൈവർ കണ്ടിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് വാഹനം മുൻപിലേക്ക് എടുത്തത്. കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കെഎസ്ആർടിസി ബസ് റോഡിലെ കുഴിയിൽ വീണ് വയോധികനായ യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. മുൻ സൈനികൻ പയ്യന്നൂർ അന്നൂരിലെ കെ.ടി. രമേശനാണ് (65) പരിക്കേറ്റത്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ സതീഷ് ജോസഫിനെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ബസിന്റെ പിൻഭാഗത്തെ ടയർ റോഡിലെ കുഴിയിൽ ചാടിയപ്പോൾ രമേശൻ തെറിച്ചുവീഴുകയും നട്ടെല്ലിന് പരിക്കേൽക്കുകയുമായിരുന്നു.