‘ഇട്ടേച്ച് പോകല്ലമ്മാ…’; നെഞ്ചുപൊട്ടി നവനീത്, കരഞ്ഞുതളർന്ന് നവമി..ബിന്ദുവിന്റെ സംസ്കാരം..

‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ അലമുറയിട്ട് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു ബിന്ദുവിന്‍റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്. രാവിലെ 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്കാരം ചടങ്ങുകൾ പുരോഗമിക്കുകയാണ്.

ഇതുവരെ ഒപ്പം സഞ്ചരിച്ച പ്രിയപ്പെട്ടവൾ ഇനി കൂടെയില്ലെന്ന തിരിച്ചറിവിൽ, മക്കളെ ഇനി എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ മൃതദേഹത്തിന് മുമ്പിൽ നെഞ്ചുപൊട്ടി നിസ്സഹായതയോടെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ നിന്നു. ബിന്ദുവിന്‍റെ വീട്ടിലെ കാഴ്ചകൾ കണ്ടുനിൽക്കാനാകാതെ തേങ്ങുകയാണ് ഒരു ഗ്രാമം മുഴുവനും. ബിന്ദുവിന്‍റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ഒഴുകിയെത്തുകയാണ് ജനങ്ങൾ.

ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മകൻ നവനീതും മകൾ നവമിയും നെഞ്ചുപൊട്ടി അമ്മയുടെ ശരീരത്തോട് ചേർന്നു. തങ്ങളുടെ ആകെയുള്ള അത്താണിയായിരുന്ന അമ്മ ഇനി ഇല്ലെന്നത് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ഇരുവർക്കും. രണ്ടാഴ്ച കഴിഞ്ഞാൽ നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ചികിത്സയ്ക്കായിരുന്നു ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. അവിടെയുണ്ടായ ദുരന്തം അവരുടെ ജീവനെടുക്കുകയായിരുന്നു.

സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞ് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു നവനീത്. കഴിഞ്ഞ ദിവസമാണ് നവനീതിന് ശമ്പളം കിട്ടിയത്. പതിനായിരം രൂപയായിരുന്നു. ഇതുമായി അച്ഛന്റെ അടുത്തെത്തിയത്. അച്ഛാ ശമ്പളം കിട്ടി എന്ന് പറഞ്ഞപ്പോൾ… അത് അമ്മയെ ഏൽപ്പിക്കാനായിരുന്നു വിശ്രുതൻ പറഞ്ഞത്. എന്നാൽ, ആ ആഗ്രഹം സഫലമാകുന്നതിന് മുമ്പ് അമ്മ പോയി, ഇനി ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക്… അമ്മ ഇനിയില്ലെന്ന തിരിച്ചറിവിൽ നവനീത് അലമുറയിട്ട് കരഞ്ഞു. ആ കാഴ്ച കണ്ടുനിൽക്കാനാവുമായിരുന്നില്ല.

ആശുപത്രിക്കെട്ടിടം തകർന്ന് വീണപ്പോൾ ഭാര്യയെ കാണാതായത് മനസ്സിലാക്കി ഭർത്താവ് വിശ്രുതൻ നാലുപാടും ഓടിനടപ്പായിരുന്നു. തന്റെ പ്രിയപ്പെട്ടവൾ അതിനടിയിൽ കുടുങ്ങിക്കിടക്കരുതേ എന്ന പ്രാർത്ഥനയോടെ. എന്റെ അമ്മയെ കാണാനില്ലെന്ന് മകൾ നവമിയും വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആ പ്രാർത്ഥനകൾ വിഫലമായി.

ആശുപത്രിക്കെട്ടിടം തകർന്നുവീണപ്പോൾ ആർക്കും പരിക്കില്ലെന്ന് പറഞ്ഞ് മന്ത്രിമാർ പ്രതിരോധം സൃഷ്ടിക്കുമ്പോൾ തകർന്ന കെട്ടിടത്തിനുള്ളിൽ ജീവന് വേണ്ടി മല്ലിടുകയായിരുന്നു ബിന്ദു. രണ്ട് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button