സ്റ്റെയർകേസിലും വാതിലിന് മുന്നിലും ചോരക്കറ.. ഉള്ളിൽ രക്തത്തിൽ കുളിച്ച് അമ്മയും മകനും..നാടിനെ ഞെട്ടിച്ച് ഇരട്ട കൊലപാതകം..
രാജ്യ തലസ്ഥാനമായ ദില്ലി ലജ്പത് നഗറിനെ നടുക്കി ഇരട്ട കൊലപാതകം. ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക സെവാനിയും, പതിനാലുകാരനായ മകൻ കൃഷ് സെവാനിയുമാണ് കൊല്ലപ്പെട്ടത്. പ്രതിയെ ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പൊലീസ് പിടികൂടി. കഴിഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം
ലജ്പത് നഗറിലെ മാർക്കറ്റിൽ തുണിക്കട നടത്തുകയാണ് രുചികയുടെ ഭർത്താവ് കുൽദീപ് സെവാനി. ജോലി കഴിഞ്ഞ് വീട്ടിലെത്തി വാതിലിൽ മുട്ടിയിട്ടും ഭാര്യ കതക് തുറന്നില്ല. മകനെയും ഭാര്യയെയും ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. അപ്പോഴാണ് സ്റ്റെയർകേസിലും വാതിലിന് മുൻപിലും ചോരക്കറ കണ്ടത്. ഉടൻ തന്നെ കുൽദീപ് പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് രുചികയുടെയും മകൻ കൃഷിന്റെയും മൃതദേഹം കണ്ടെത്തിയത്.
ഭാര്യ രുചികയുടെ മൃതദേഹം കിടപ്പുമുറിയിലും മകന്‍റേത് കുളിമുറിയിലുമാണ് കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് പൊലീസിന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രുചികയുടെ ഭർത്താവിന്റെ തുണിക്കടയിലെ ജോലിക്കാരനാണ് കൃത്യം നടത്തിയതെന്ന് പൊലീസിന് മനസ്സിലായി. പിന്നീട് യുപിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ 24 കാരനായ മുകേഷിനെ പൊലീസ് പിടികൂടുകയായിരുന്നു.
മൂന്നുവർഷമായി മുകേഷ് തുണിക്കടയിൽ ജോലി ചെയ്യുകയാണ്. ഇടയ്ക്ക് രുചികയുടെ വീട്ടിൽ ഡ്രൈവറായും മുകേഷ് പോകാറുണ്ട്. കഴിഞ്ഞ ദിവസം രുചിക മുകേഷിനെ ശാസിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ദേഷ്യം തോന്നിയ മുകേഷ് രുചികയെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മകനെയും മുകേഷ് കൊലപ്പെടുത്തി. മുകേഷ് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. പെട്ടെന്നുള്ള പ്രകോപനമാണോ, അതോ കൊലപാതകത്തെ പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.