ചത്തതല്ല, കൊന്നത്…അമ്മക്കടുവയെയും നാല് കുട്ടികളെയും കൊലപ്പെടുത്തിയത് വിഷം നൽകി, ക്രൂരതയ്ക്ക് കാരണം..
മാലെ മഹാദേശ്വര കുന്നുകളിൽ (എംഎം ഹിൽസ്) ചത്ത നിലയിൽ കണ്ടെത്തിയ അഞ്ച് കടുവകൾ മരിച്ചത് വിഷബാധയേറ്റെന്ന് പരിശോധന ഫലം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശുവിനെ കടുവ കൊലപ്പെടുത്തിയതിലുള്ള പ്രതികാരത്തെ തുടർന്നാണ് കടുവകളെ കൊലപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. അഞ്ച് കടുവകളുടെയും വയറ്റിലും സമീപത്ത് കണ്ടെത്തിയ കാളയുടെ മാംസത്തിലും വിഷാംശമുള്ള കീടനാശിനി സംയുക്തമായ ഫോറേറ്റിന്റെ സാന്നിധ്യം വെറ്ററിനറി റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. മനപ്പൂർവം വിഷം വെച്ചതാണെന്നും അധികൃതർ അറിയിച്ചു
പ്രധാന ലക്ഷ്യം ഒമ്പത് വയസ്സുള്ള ഒരു പെൺ കടുവയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കുഞ്ഞുങ്ങൾക്ക് ഏകദേശം ഒരു വയസ്സ് പ്രായമുണ്ടെന്നും വേട്ടയാടാൻ പഠിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും പറയപ്പെടുന്നു. കടുവ കൊന്ന പശുവിന്റെ ഉടമയായ മാധവ എന്ന മധുരജു, അദ്ദേഹത്തിന്റെ കൂട്ടാളികളായ കൊണപ്പ, നാഗരാജു എന്നിവരാണ് അറസ്റ്റിലായത്. തന്റെ പശുവായ ‘കെഞ്ചി’യുടെ മരണത്തിൽ പ്രകോപിതനായ മധുരാജു ജഡത്തിൽ വിഷം ചേർത്ത് തുറന്ന സ്ഥലത്ത് വിഷക്കെണി വെച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ ഹനൂർ താലൂക്കിലെ മീന്യത്തിലെ ആരണ്യ ഭവനിലേക്ക് കൊണ്ടുപോയതായി വനംവകുപ്പ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു
വിഷബാധയുടെ ഉത്തരവാദിത്തം മധുരാജുവിന്റെ പിതാവ് ശിവണ്ണ ആദ്യം ഏറ്റെടുത്തിരുന്നു. എന്നാൽ കൂടുതൽ അന്വേഷണങ്ങളിൽ മകന്റെ പങ്കാളിത്തം സ്ഥിരീകരിച്ചപ്പോൾ ഇയാളെ വിട്ടയച്ചു. അതേസമയം, മറ്റൊരു സംഭവത്തിൽ, ബന്ദിപ്പൂർ ടൈഗർ റിസർവിന് കീഴിലുള്ള ഗുണ്ട്രെ വനമേഖലയിൽ അഞ്ച് വയസ്സുള്ള ഒരു കടുവയുടെ മൃതദേഹം കണ്ടെത്തി. പട്ടിണി, മറ്റ് കടുവയുമായുണ്ടാ പോരാട്ടത്തിൽ ഉണ്ടായ പരിക്കുകൾ എന്നിവ കാരണമാണ് മരണമെന്നും അധികൃതർ സ്ഥിരീകരിച്ചു