വാഹനം തകരാറിലായതിനെ തുടർന്ന് പുറത്തിറങ്ങി…പിന്നിലൂടെ എത്തിയ പിക്കപ്പ് ഇടിച്ച് തെറിപ്പിച്ചു..ദൃശ്യങ്ങൾ പുറത്ത്…

വാഹനം തകരാറിലായതിനെ തുടർന്ന് പുറത്തിറങ്ങി നിന്ന യുവതിയെ പിന്നിലൂടെ എത്തിയ പിക്കപ്പ് ഇടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ യുവതി പിന്നീട് മരണപ്പെട്ടു. അമിത വേഗത്തിലെത്തിയ പിക്കപ്പ് അപകട ശേഷം നിർത്താതെ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ കാണുമ്പോൾ കൊലപാതകമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

ഹൈദരാബാദിലാണ് സംഭവം. കൃതിക എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് അമിത് കരൻ, മകൻ മാധവ് എന്നിവർക്കും ഭർത്താവിന്റെ ഏതാനും ബന്ധുക്കൾക്കും ഒപ്പം ക്ഷേത്രത്തിൽ പോയി മടങ്ങി വരികയായിരുന്നു. ഇതിനിടെ കാർ തകരാറിലായി. നടുറോഡിലാണ് കാർ നിർത്തിയിട്ടത്. വാഹനം നിർത്തിയതോടെ കൃതിക പുറത്തിറങ്ങി. റോഡിന്റെ മദ്ധ്യത്തിൽ തന്നെ കാറിനടുത്ത് നിൽക്കുമ്പോൾ അമിത വേഗതയിൽ പിന്നിൽ നിന്നെത്തിയ ഒരു ബൊലേറോ പിക്കപ്പ് ട്രക്ക് യുവതിയെ ഇടിച്ചിടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ യുവതി ഉയർന്നുപൊങ്ങി അകലേക്ക് തെറിച്ചുവീണു. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമായി കാണാം. പിക്കപ്പ് ആദ്യം റോഡിന്റെ ഏറ്റവും വലതു വശത്തു കൂടി വരുന്നതും പിന്നീട് ഇടത്തേക്ക് പെട്ടെന്ന് മാറി കാറിൽ ഇടിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന യുവതിയെ മാത്രം ഇടിച്ചിടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടിച്ചിട്ട ശേഷം പിക്കപ്പ് നിർത്താതെ ഓടിച്ച് പോവുകയും ചെയ്തു. കാറിന് സമീപം നിൽക്കുന്നവരും പരിസരത്തുണ്ടായിരുന്ന നാട്ടുകാരും പെട്ടെന്ന് തന്നെ യുവതിയുടെ അടുത്തേക്ക് ഓടിയെത്തി. സംഭവം അപകടമാണോ അതോ കൊലപാതകമാണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറയുന്നു. പിക്കപ്പ് കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുന്നു

Related Articles

Back to top button