തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി..

അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍. വിമാനാപകടത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ സഹായിക്കും എന്നാണ് കരുതുന്നതെന്ന് അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് പറയുന്നതനുസരിച്ച് ഒരപകടം നടക്കുന്നതിന് മുമ്പുള്ള പൈലറ്റിന്‍റെ സംഭാഷണവും അലാറങ്ങളും മറ്റ് പശ്ചാത്തല ശബ്ദങ്ങളും ഉള്‍പ്പെടെ കോക്ക്പിറ്റില്‍ നിന്നുള്ള നിര്‍ണായക ഓഡിയോകള്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ റക്കോര്‍ഡ് ചെയ്യപ്പെടും. സാങ്കേതിക ഫ്ലൈറ്റ് പരാമീറ്ററുകൾ രേഖപ്പെടുത്തുന്ന ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്‌ഡിആർ) നേരത്തെ കണ്ടെടുത്തിരുന്നു.
എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം അമേരിക്കൻ നിർമ്മിതമായതിനാൽ അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്ക് കീഴിൽ എൻടിഎസ്‌ബി സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടെത്തി സുരക്ഷിതമാക്കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.
വിമാനാപകടം നടന്നാൽ കേൾക്കുന്ന വാക്കുകളിൽ പ്രധാനമായ ഒന്നാണ് ബ്ലാക്ക് ബോക്സ്. എങ്ങനെ ദുരന്തമുണ്ടായി എന്ന് കണ്ടെത്താൻ പ്രധാനമായി ആശ്രയിക്കുന്ന ഉപകരണമാണ് ബ്ലാക്ക് ബോക്സ്. ബ്ലാക്ക് ബോക്സാണ് പേരെങ്കിലും ഓറഞ്ച് നിറത്തിലാണ് ബ്ലാക്ക് ബോക്സ്. ഏത് ശക്തമായ ആഘാതമേറ്റാലും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ കരുത്തുറ്റ ടൈറ്റാനിയം/ ഉരുക്ക് ഉപയോഗിച്ചാണ് നിർമാണം. ഇതിനുള്ളിലായിരിക്കും റെക്കോർഡിങ് ഉപകരണങ്ങൾ സൂക്ഷിക്കുക