“അപകടം നടന്നു. ചിലപ്പോൾ സാമ്പത്തിക സഹായമായി 10 ലക്ഷം കിട്ടുമായിരിക്കും… കോടികൾ തന്നാലും എനിക്ക് എന്‍റെ ആളിനെ തിരിച്ചുകിട്ടുമോ? എന്‍റെ ചങ്കാ പോയത്”…

പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാനയുടെ ആക്രമണത്തിലെന്ന മൊഴിയിൽ ഉറച്ച് ഭർത്താവ് ബിനു. തന്നെയും കാട്ടാന പതിനഞ്ച് അടിയോളം ദൂരേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. സീതയെ രണ്ടു തവണ കാട്ടാന ആക്രമിച്ചു. തന്നെ കേസിൽ കുടുക്കാൻ മനഃപൂർവം ശ്രമിക്കുന്നുവെന്നാണ് ബിനുവിന്‍റെ പ്രതികരണം.

“അപകടം നടന്നു. ചിലപ്പോൾ സാമ്പത്തിക സഹായമായി 10 ലക്ഷം കിട്ടുമായിരിക്കും. കോടികൾ തന്നാലും എനിക്ക് എന്‍റെ ആളിനെ തിരിച്ചുകിട്ടുമോ? എന്‍റെ ചങ്കാ പോയത്”- എന്നും ബിനു പറഞ്ഞു. അതേസമയം സീത (42) കൊല്ലപ്പെട്ടതാണെന്നാണ് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തിയത്.

വന വിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ മീൻമുട്ടി ഭാഗത്ത്‌ വച്ച് തന്നെയും ഭാര്യ സീതയെയും കാട്ടാന ആക്രമിച്ചുവെന്നാണ് ബിനു ബന്ധുക്കളെ വിവരം അറിയിച്ചത്. ബിനുവും മക്കളും ചേർന്ന് സീതയെ ചുമന്നു വനത്തിനു പുറത്തേക്ക് എത്തിച്ചു. തുടർന്ന് വനം വകുപ്പ് വാഹനത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്നു. അപ്പോഴേക്കും മരിച്ചിരുന്നു. സീതയുടെ ദേഹത്തെ പരിക്കുകളും കാട്ടാന എടുത്തെറിഞ്ഞു എന്നു പറഞ്ഞ ബിനുവിന്റെ ദേഹത്തു പരിക്കുകൾ ഇല്ലാതിരുന്നതും സംശയത്തിനിടയാക്കി.

തുടർന്ന് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റ്മോർട്ടം പരിശോധനയിൽ സീതയുടെ ദേഹത്ത് വന്യമൃഗ അക്രമണത്തിന്റെ ലക്ഷണം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തലയുടെ ഇരുവശത്തും പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെ പരിക്കുകൾ ഉണ്ടായിരുന്നു. മരത്തിൽ ബലമായി ഇടിപ്പിച്ചത് ആകാനാണ് സാധ്യത എന്നാണ് നിഗമനം. വീണു പരിക്കേറ്റ മുറിവ് തലയിലുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകളുമുണ്ട്. കഴുത്തിനു ശക്തിയായി അമർത്തി പിടിച്ചതിന്റെയും മുഖത്ത് രണ്ട് കൈകൊണ്ടും അടിച്ചതിന്റെയും പാടുകൾ ഉണ്ടായിരുന്നു

ഇടത് വശത്തെ ഏഴു വാരിയെല്ലുകളും വലത് വശത്തെ ആറു വാരിയെല്ലുകളും പൊട്ടുകയും മൂന്നെണ്ണം ശ്വാസകോശത്തിൽ തറച്ചു കയറുകയും ചെയ്തു. നാഭിക്ക് തൊഴിയേറ്റ പരിക്കും ഉണ്ടായിരുന്നു. ഇതെല്ലാമാണ് കൊലപാതകം ആണെന്ന് സ്‌ഥിരീകരിക്കാൻ കാരണം. താനും മക്കളും മാത്രമാണ് സീതയ്ക്കൊപ്പം കാട്ടിലേക്ക് പോയതെന്ന് ബിനു പറഞ്ഞിരുന്നു. അതിനാൽ ബിനുവിനെ വിശദമായി ചോദ്യംചെയ്യും. മക്കളിൽ നിന്നും വിവരം ശേഖരിക്കും

Related Articles

Back to top button