‘വിമാനത്തിൽ അസാധാരണമായ ചിലത് കണ്ടു, വീഡിയോ എടുത്തു’.. അഹമ്മദാബാദ് അപകടത്തിനു മുൻപ്..

വ്യാഴാഴ്‌ച അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ താൻ സഞ്ചരിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് സഞ്ചരിച്ച ആകാശ് വത്സയുടെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. വിമാനത്തിന്റെ അവസ്ഥയെക്കുറിച്ച് ചില പ്രധാന നിരീക്ഷണങ്ങൾ ഉണ്ടെന്ന് പറഞ്ഞതിനാൽത്തന്നെ പോസ്റ്റ് വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

അഹമ്മദാബാദിൽ നിന്ന് പറന്നുയരുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഞാൻ അതേ വിമാനത്തിൽ സഞ്ചരിച്ചിരുന്നു. ദില്ലിയിൽ നിന്ന് ഈ ഫ്ലൈറ്റിലാണ് അഹമ്മദാബാദിലെത്തിയത്. വിമാനത്തിൽ അസാധാരണമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. @airindia ലേക്ക് ട്വീറ്റ് ചെയ്യാനായി ഒരു വീഡിയോയും എടുത്തിരുന്നു. കൂടുതൽ വിശദാംശങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി എന്നെ ബന്ധപ്പെടുക എന്നാണ് പങ്കുവച്ച എക്സ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലും ആകാശ് ചില കാര്യങ്ങൾ പറയുകയുണ്ടായി. ആദ്യം വിമാനം പതിവു പോലെ കുഴപ്പങ്ങളൊന്നുമില്ലെന്നാണ് തോന്നിയത്. എന്നാൽ ഉയരത്തിൽ സഞ്ചരിക്കുമ്പോൾ, ഫ്ലാപ്പുകളുടെ പിൻഭാഗം ആവർത്തിച്ച് മുകളിലേക്കും താഴേക്കും ചലിക്കുന്നത് ഞാൻ ശ്രദ്ധിച്ചുവെന്ന് ആകാശ് പറഞ്ഞു. താൻ ഒരു വ്യോമയാന വിദഗ്ദൻ അല്ലെന്നും, അവർക്ക് ഇത് കൂടുതൽ മനസിലാകുമെന്നും ആകാശ് കൂട്ടിച്ചേ‍‍ർത്തു.

പറന്നുയരുന്നതിന് മുമ്പ് വിമാനം ഗ്രൗണ്ടിലായിരുന്നപ്പോൾ എസികൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ആകാശിന്റെ നിരീക്ഷണങ്ങൾക്ക് വ്യാഴാഴ്ച നടന്ന വിമാനാപകടവുമായി ബന്ധമുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. അപകട കാരണം ഇപ്പോഴും അന്വേഷിച്ചു വരികയാണ്.

അതേ സമയം, രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി. അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് ഉടൻ അഹമ്മദാബാദിലെത്തും. ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അഹമ്മദാബാദ് സന്ദർശിച്ച് അപകടസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അഹമ്മദാബാദ് സിവിക് ആശുപത്രിയിലെത്തി അപകടത്തിൽ പരിക്കേറ്റവരെ അദ്ദേഹം സന്ദർശിച്ചു.

Related Articles

Back to top button