500 രൂപ നോട്ടുകൾ അടുത്ത വർഷം നിർത്തലാക്കും?..
അടുത്ത വർഷത്തോടെ 500 രൂപയുടെ നോട്ടുകൾ നിർത്തലാക്കുമോ? അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകൾ ആളുകൾക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. യൂട്യൂബ് വീഡിയോകളിൽ പറയുന്നത് തെറ്റാണെന്നും 500 രൂപ നോട്ടുകൾ നിർത്തലാക്കില്ലെന്നും ആർബിഐ അറിയിച്ചു.
2026 ഓടെ 500 രൂപ നോട്ടുകൾ നിർത്തലാക്കുമെന്ന് ചൂണ്ടിക്കാണിച്ച് അടുത്തിടെ യൂട്യൂബ് വീഡിയോ പ്രചരിച്ചിരുന്നു. ‘ക്യാപിറ്റൽ ടിവി’ എന്ന യൂട്യൂബ് ചാനലിൽ ജൂൺ രണ്ടിനാണ് ഇത്തരം ഒരു വീഡിയോ പങ്കുവച്ചത്. അടുത്ത വർഷം മാർച്ച് മുതൽ 500 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നായിരുന്നു വീഡിയോയിൽ പറഞ്ഞത്. എന്നാൽ ഇത് ആർബിഐയും കേന്ദ്ര സർക്കാരും തള്ളി.’500 രൂപ നോട്ടുകൾ നിർത്തലാക്കിയിട്ടില്ല. അവ ഇപ്പോഴും നിയമപരമായി നിലനിൽക്കുന്നു’,- സർക്കാരിന്റെ ഔദ്യോഗിക പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം എക്സിൽ കുറിച്ചു. ക്യാപിറ്റൽ ടിവിയുടെ വീഡിയോ അടക്കം ഈ എക്സ് പേജിൽ പങ്കുവച്ചാണ് ഈ പ്രസ്താവന തള്ളിയത്. ഇത്തരം തെറ്റായ വാർത്തകൾ പിന്തുടരരുതെന്നും മുന്നറിയിപ്പ് നൽകി.
2023 മെയ് 19 ന് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു. അന്ന് വ്യാപാരം അവസാനിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയായിരുന്ന വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. ഇത് 2025 മെയ് 31 ആയപ്പോൾ 6,181 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2024-25 കാലയളവിൽ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യവും അളവും യഥാക്രമം 6.0 ശതമാനവും 5.6 ശതമാനവും വർദ്ധിച്ചുവെന്ന് ആർബിഐ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ആകെ പ്രചാരത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയർന്ന വിഹിതം വഹിക്കുന്നത് 500 രൂപ നോട്ടുകളാണ്. 40.9 ശതമാനമാണിത്. തൊട്ടുപിന്നാലെ 10 രൂപ നോട്ടുകളാണുള്ളത്. 16.4 ശതമാനമാണ് പത്ത് രൂപ നോട്ടുകളുടെ വിഹിതം. താഴ്ന്ന മൂല്യമുള്ള നോട്ടുകൾ 31.7 ശതമാനമാണ്.



