ഓടിക്കൊണ്ടിരിക്കെ ഡോർ തുറന്നു… വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു… സംഭവം ഇങ്ങനെ…

ഓടിക്കൊണ്ടിരിക്കെ ഇന്നോവയുടെ ഡോർ തുറന്നതോടെ നിയന്ത്രണംവിട്ട വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലായിരുന്നു സംഭവം. നിയന്ത്രണംവിട്ട വാഹനം ഹൈവേയിലൂടെ മുന്നോട്ട് നീങ്ങി മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ചു. ഇതിലൊരു വാഹനത്തിന്റെ ഡ്രൈവറും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

ബിലാസ്പൂർ സ്വദേശിയായ തുണി വ്യാപാരി ജാക്കി ജെഹി (31) ആണ് മരിച്ചത്. രാത്രി ഒരു പാർട്ടിക്ക് പോയ അദ്ദേഹം പുലർച്ചെ ഒന്നരയോടെ അവിടെ നിന്ന് തന്നെ വീട്ടിൽ കൊണ്ടാക്കാൻ സുഹൃത്തായ ആകാശിനെ വിളിച്ചുവരുത്തി. ആകാശ് മറ്റൊരു സുഹൃത്തായ പങ്കജിനൊപ്പം ഒരു ഇന്നോവയിലാണ് എത്തിയത്. മൂവരും മടങ്ങുന്നതിനിടെ ആകാശാണ് വാഹനം ഓടിച്ചിരുന്നത്. പങ്കജ് മുന്നിലെ സീറ്റിലും ജാക്കി പിന്നിലും ഇരുന്നു.

ബിലാസ്പൂർ – റായ്പൂർ ഹൈവേയിലൂടെ വാഹനം 100 കിലോമീറ്റർ വേഗത്തിൽ ഓടുന്നതിനിടെ ആകാശ് പെട്ടെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്ന് മുറുക്കാൻ തുപ്പുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ഡിവൈഡറിലേക്ക് ഇടിച്ചുകയറി. തുടർന്ന് പല തവണ തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്താൽ മൂന്ന് യാത്രക്കാരും വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. ഡിവൈഡറിനടുത്ത് സ്ഥാപിച്ചിരുന്ന ലോഹ ഭിത്തിയിൽ ചെന്നിടിച്ച് നെഞ്ചിലും തലയിലും ഗുരുതരമായി പരിക്കേറ്റ ജാക്കി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

മൂന്ന് പേരും പുറത്തേക്ക് തെറിച്ച് വീണിട്ടും മുന്നോട്ട് നീങ്ങിയ കാർ അടുത്ത് നിർത്തിയിട്ടിരുന്ന ഒരു വാണിജ്യ വാഹനത്തിൽ ഇടിച്ചു. തുടർന്ന് നാല് തവണ തലകീഴായി മറിയുകയും ചെയ്തു. പിന്നീട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു എർട്ടിഗയിൽ ഇടിച്ചു. ഈ വാഹനത്തിൽ ഇരിക്കുകയായിരുന്ന ഡ്രൈവർക്ക് പരിക്കേറ്റു. വാഹനം നിയന്ത്രണംവിട്ട് മറിയുന്നതും യാത്രക്കാർ പുറത്തേക്ക് തെറിച്ച് വീഴുന്നതും പരിസരത്തെ ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

Related Articles

Back to top button