മാലിന്യം കളയാൻ പോകുന്നതിനിടെ മാൻഹോളിൽ വീണു… ചികിത്സയിലായിരുന്ന നഴ്സ്…
മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. ഗുരുതര പരുക്കുകളോടെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. കോട്ടയം പാമ്പാടി സ്വദേശിനിയാണ് മരണപ്പെട്ട ലക്ഷ്മി.
കഴിഞ്ഞ മെയ് 15നാണ് സലാലയിൽ നിന്ന് 200 കിലോമീറ്റർ അകലെ മസ്യൂനയിൽ വെച്ച് ഇവർ അപകടത്തിൽ പെടുന്നത്. ഇവിടെ ആരോഗ്യ മന്ത്രായത്തിൽ സ്റ്റാഫ് നഴ്സായ ലക്ഷ്മി താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുന്നതിനിടെ കാൽ തെന്നി മാൻഹോളിലേക്ക് വീഴുകയായിരുന്നു.
ഇവരെ ഉടൻ തന്നെ മസ്യൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ പിന്നീട് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററിൽ തുടരവെയാണ് മരണം സംഭവിച്ചത്. സംഭവമറിഞ്ഞ് ഭർത്താവും ഏക കുട്ടിയും സലാലയിൽ എത്തിയിട്ടുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.