‘ചാർളി’യിലെ ഡേവിഡ്… പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു…
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം മരിച്ചത്. ‘ചാർളി’ എന്ന ദുൽഖർ സൽമാൻ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് രാധാകൃഷ്ണൻ അവതരിപ്പിച്ചത്. ക്യാമറ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ നിരവധി ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്ന രാധാകൃഷ്ണൻ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു.
നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളിൽ പരിശീലനപരിപാടികളും നടത്തിയിരുന്നു. കൊച്ചി സ്വദേശിയായ രാധാകൃഷ്ണൻ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫാഷൻ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയർ വളർത്തിയെടുത്തത്.
സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പിക്‌സൽ വില്ലേജ് എന്ന പേരിൽ ക്യാമറ, ഫോട്ടോഗ്രഫി പരിശീലനവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമും ആരംഭിച്ചിരുന്നു. പിക്‌സൽ വില്ലേജിന്റെ യൂട്യൂബ് ചാനലിലും അദ്ദേഹം സജീവമായിരുന്നു.