ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച ബെയ്‌ലിന്‍ ദാസ് സിപിഎമ്മുകാരനോ? അതോ കോൺഗ്രസോ? നിലവിലെ രാഷ്ട്രീയ ബന്ധം ഇങ്ങനെ..

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക വി ജെ ശ്യാമിലിയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ല്‍ തിരുവനന്തപുരം കോര്‍പറേഷനിലെ പൂന്തുറ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിഷയം ചര്‍ച്ചയാക്കിയത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ 405 വോട്ടിന് ബെയ്‌ലിന്‍ ദാസ് പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പൂന്തുറയിലും തീരപ്രദേശത്തും സിപിഎം പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബെയ്‌ലിന്‍ ദാസ് സജീവമായിരുന്നു എന്നാണ് കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ബെയ്‌ലിന്‍ ദാസിന് വോട്ട് അഭ്യര്‍ത്ഥിച്ച് 2015 ല്‍ സിപിഎം തയ്യാറാക്കിയ പോസ്റ്റര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ കുത്തിപ്പൊക്കുകയും ചെയ്തു. ജൂനിയര്‍ അഭിഭാഷകയെ മുഖത്ത് ക്രൂരമായി അടിച്ച സംഭവം വലിയ ചര്‍ച്ചയായിട്ടും ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ബെയിലിനെ പിടുകൂടാത്തത് ഭരണ കക്ഷിയിലെ ഇയാളുടെ സ്വാധീനം മൂലമാണ് എന്നാണ് ആക്ഷേപം. ഇതിനൊപ്പമാണ് പഴയ സിപിഎം അനുകൂല രാഷ്ട്രീയ ബന്ധം ചര്‍ച്ചയാകുന്നത്.

എന്നാല്‍, ബെയ്‌ലിന്‍ ദാസിന്റെ രാഷ്ട്രീയ ബന്ധത്തില്‍ ആരോപണങ്ങള്‍ പ്രതിരോധിക്കുകയാണ് പ്രാദേശിക സിപിഎം നേതാക്കള്‍. സിപിഎമ്മില്‍ എത്തുന്നതിന് മുന്‍പ് ബെയ്‌ലിന്‍ ആം ആദ്മി പാര്‍ട്ടിക്കാരന്‍ ആയിരുന്നു എന്നാണ് ഇതില്‍ ഒരു വാദം. 2015 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എങ്കിലും ഇതിന് ശേഷം ശേഷം സിപിഎം വിട്ടിരുന്നു എന്നും നിലവില്‍ കോണ്‍ഗ്രസിനൊപ്പമാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത് എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സമയത്ത് ബെയ്‌ലിന്‍ ദാസ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉള്‍പ്പെടെ ഉയര്‍ത്തിയാണ് സിപിഎം പ്രതിരോധം.

അതേസമയം, സിപിഎം നേതാക്കള്‍ക്ക് എതിരെ രൂക്ഷമായ അരോപണങ്ങള്‍ ഉന്നയിച്ചാണ് ബെയ്‌ലിന്‍ ദാസ് കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കുന്ന വിഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. യൂത്ത് കോണ്‍ഗ്രസ് പൂന്തുറ മണ്ഡലം കമ്മിറ്റിയും ബെയ്‌ലിന്‍ ദാസിനെ സ്വാഗതം ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ഫോട്ടോകള്‍ ഉള്‍പ്പെടെയാണ് പോസ്റ്റുകള്‍.

2020 ല്‍ കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ ബെയ്ലിന്‍ ദാസ് നടത്തിയ പ്രതികരണങ്ങളും കോണ്‍ഗ്രസ് ബന്ധം ഉറപ്പിക്കുന്നതാണ്. തന്റെ കുടുംബം കാലങ്ങളായി കോണ്‍ഗ്രസ് പശ്ചാത്തലം ഉള്ളവരാണ് എന്നാണ് ഇതിലെ പ്രധാന പരാമര്‍ശം. കോണ്‍ഗ്രസ് തന്റെ തറവാട് ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സമകാലിക രാഷ്ട്രീയത്തില്‍ തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്നും ബെയ്‌ലിന്‍ ദാസ് പറയുന്നു. ആ തിരിച്ചറിവിന്റെ ഭാഗമായി കോണ്‍ഗ്രസിലേക്ക് ചുവട് മാറ്റുകയാണ് എന്നും 2020 ഡിസംബറില്‍ പങ്കുവച്ച വിഡിയോയില്‍ ബെയ്‌ലിന്‍ ദാസ് അവകാശപ്പെടുന്നു.

”ജന സേവനം ആയിരുന്നു ലക്ഷ്യം അങ്ങനെയാണ് സിപിഎമ്മിലെത്തിയത്. ജീവിതത്തില്‍ ആദ്യമായി പൊതുപ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചത് സിപിഎമ്മായിരുന്നു. അതിന് നന്ദിയുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ പൊതുസേവനത്തിന്റെ അന്തസന്ത മറന്നു പ്രവര്‍ത്തിച്ചു. അവരുടെ പ്രവര്‍ത്തികള്‍ ന്യായീകരിക്കാനായില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്നത്തെ തോല്‍വിയില്‍ പരിഭവമില്ല.” എന്നിങ്ങനെയാണ് പരാമര്‍ശങ്ങള്‍.

Related Articles

Back to top button