പതുങ്ങിയിരുന്ന കടുവ ചാടിവീണ് ഗഫൂറിനെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോയി.. ശരീരഭാഗങ്ങൾ ഭക്ഷിച്ചു.. എല്ലാം കണ്ടു നിന്നത് ഉറ്റസുഹൃത്ത്..
സുഹൃത്തിനെ തൊട്ടുമുന്നിൽനിന്ന് കടുവ മരണത്തിലേക്ക് കടിച്ചെടുത്തു കൊണ്ടു പോയ ഞെട്ടലിലാണ് കാളികാവിൽ കടുവ കൊലപ്പെടുത്തിയ ഗഫൂറിന്റെ കൂടെ ടാപ്പിങ്ങിനെത്തിയ സമദ്.
വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശി ഗഫൂറിനെ കടുവ കഴുത്തിൽ പിടികൂടി വലിച്ചിഴച്ചത്. അതോടൊപ്പം അധികൃതരുടെ വീഴ്ചയും ചർച്ചയാവുകയാണ്. കൂടുസ്ഥാപിക്കുകയോ മയക്കു വെടിവെച്ച് കടുവയെ പിടിക്കണമെന്നോ ഉള്ള നാട്ടുകാരുടെ അഭ്യർഥന ഒട്ടും ചെവിക്കൊള്ളാതെ അധികൃതർ കാണിച്ച തികഞ്ഞ അലംഭാവമാണ് തൊഴിലാളിയുടെ മരണത്തിൽ കലാശിച്ചത്. നേരത്തേ പൊലീസിലും ഫോറസ്റ്റ് വകുപ്പിലും പലതവണ പരാതി കൊടുത്തിട്ടും ഒരു നടപടിയുമില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കടുവയുടെ കാൽപ്പാട് മുൻപും കാണിച്ചുകൊടുത്തിരുന്നു. എന്നാൽ വനംവകുപ്പ് നടപടി എടുത്തില്ലെന്നും ഈ കടുവയെ വെടിവെച്ചുകൊല്ലണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ മയക്കുവെടി വെക്കുകയോ നാട്ടിലിറങ്ങുന്നത് തടയുകയോ കൂടു സ്ഥപിക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. താൽക്കാലിക ജോലി, നഷ്ടപരിഹാരം എന്നിവ മുന്നോട്ടുവെച്ച് ജനരോഷം തണുപ്പിക്കാനാണ് വനം വകുപ്പ് ശ്രമിക്കാറുള്ളത്. എ.പി അനിൽകുമാർ എം.എൽ.എ അടക്കം രൂക്ഷ വിമർശനമാണ് വനം വകുപ്പിനെതിരെ നടത്തിയത്.
അപകടസാധ്യതയെപറ്റി മൂന്നുമാസം മുമ്പ് നിയമസഭയിലും വനം മന്ത്രിയോട് നേരിട്ടും വിവരം ധരിപ്പിച്ചിരുന്നുവെന്ന് എ.പി അനിൽകുമാർ എം.എൽ.എയും പറഞ്ഞു. ഒരു കാര്യവുമുണ്ടായില്ല. കൂട് വെച്ചോ കാമറ വെച്ചോ മറ്റോ സർക്കാർ നീക്കം നടത്തണം. സർക്കാരിൻ്റെ ശ്രദ്ധ കുറവാണ്. കടുവ സാന്നിധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ സർക്കാർ ഇടപെട്ടില്ലെന്നും അനിൽ കുമാർ പറഞ്ഞു. ഗഫൂറിൻ്റെ കുടുംബത്തിന് കൂടുതൽ പണം നൽകണമെന്നും മന്ത്രിയെ വിവരം അറിയിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി. മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.