വീണ്ടും സമര നേതാക്കളെച്ചൊല്ലി വിവാദം; വി ആർ കൃഷ്ണൻ എഴുത്തച്ഛന്റെ ചരമവാർഷികം ആഘോഷിക്കാൻ ബിജെപിയും
ചേറ്റൂർ ശങ്കരൻ നായർക്ക് പിന്നാലെ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ വി ആർ കൃഷ്ണൻ എഴുത്തച്ഛന്റെ പേരിലും തർക്കം. വി ആർ കൃഷ്ണൻ എഴുത്തച്ഛന്റെ ഇരുപത്തിയൊന്നാം ചരമവാർഷികം ബിജെപിയും കോൺഗ്രസും ആചരിക്കുകയാണ്. വി എം സുധീരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും കുടുംബത്തെ കാണുകയും ചെയ്തു. ഒൻപതരക്ക് ബിജെപിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നേതാവാണ് വി ആർ കൃഷ്ണൻ എഴുത്തച്ഛൻ. കെ കരുണാകരന്റെ രാഷ്ട്രീയ ഗുരുവായിരുന്നു അദ്ദേഹം. അവിനിശ്ശേരി പഞ്ചായത്ത് കുറച്ചുനാളായി ബിജെപിയാണ് ഭരിക്കുന്നത്. വി ആർ കൃഷ്ണൻ എഴുത്തച്ഛന്റെ മകനുൾപ്പെടെ ബിജെപിയിൽ ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുഷ്പാർച്ചന.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ധീരനാണ് വി ആർ കൃഷ്ണൻ എഴുത്തച്ഛനെന്ന് വി എം സുധീരൻ പ്രതികരിച്ചു. നമ്മുടെ നാടിനെ സംബന്ധിച്ച് നിർണായകമായ പല ചലനങ്ങൾക്കും നേതൃത്വം കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പാർലമെന്റേറിയനായിരുന്നു അദ്ദേഹമെന്നും സുധീരൻ കൂട്ടിച്ചേർത്തു.