പിണറായിയുടെ സിൽവർ ലൈനിന് ബദലായി സുരേഷ് ​ഗോപിയുടെ ആർആർടിഎസ് പദ്ധതി വരുമോ?.. തിരുവനന്തപുരം– കാസർകോട് അതിവേ​ഗ റെയിലിൽ ഉയരുന്ന പുതിയ ചർച്ച​കൾ ഇങ്ങനെ..

തിരുവനന്തപുരം– കാസർകോട് സിൽവർലൈൻ പദ്ധതിക്ക് ബ​ദൽ സംവിധാനത്തിന് വഴിതെളിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രമന്ത്രി സുരേഷ്ഗോപി മുന്നോട്ടുവെക്കുന്ന റീജനൽ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റം (ആർആർടിഎസ്) പദ്ധതി രണ്ടു ഘട്ടമായി ഈ റൂട്ടിൽ നടപ്പാക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമായ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാത്ത സാ​ഹചര്യത്തിൽ ആർആർടിഎസ് പദ്ധതി കേരളത്തിന് ലഭിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു കീഴിൽ നടപ്പാക്കാവുന്ന പദ്ധതിയാണ് റീജനൽ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റം. 2002ലെ മെട്രോ ആക്ടിന്റെ പരിധിയിലാണു ആർആർടിഎസ് പദ്ധതികൾ വരുന്നത്. എന്നാൽ, 1989ലെ റെയിൽവേ ആക്ടിനു കീഴിൽവരുന്ന റെയിൽവേ പദ്ധതിയാണ് സിൽവർലൈൻ. തിരുവനന്തപുരം മുതൽ കാസർകോട് വരെ മെട്രോപ്പൊലിറ്റൻ പ്രദേശമാകണം എന്നത് മാത്രമാണ് കേന്ദ്രസർക്കാരിന് ആർആർടിഎസ് പദ്ധതി നടപ്പാക്കാനുള്ള ഏക തടസ്സം.

ഡൽഹി–മീററ്റ് ആർആർടിഎസ് പദ്ധതി മാതൃകയിൽ തമിഴ്നാട് 3 പദ്ധതിക്കായി ഡിപിആർ പഠനം തുടങ്ങിയിട്ടുണ്ട്. സേലം–കോയമ്പത്തൂർ (185 കിമീ), ചെന്നൈ–വില്ലുപുരം (170 കിമീ), ചെന്നൈ–വെല്ലൂർ (140 കിമീ) റൂട്ടുകളിൽ 160 കിമീ വേഗം സാധ്യമാകുന്ന റാപ്പിഡ് റെയിൽ പദ്ധതികളാണു തമിഴ്നാട് പരിഗണിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ്ഗോപി നെടുമ്പാശേരി–തൃശൂർ–പാലക്കാട് ആർആർടിഎസ് പദ്ധതിക്കായി മുൻപു കേന്ദ്ര നഗരകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

തിരുവനന്തപുരം മുതൽ തൃശൂർ വരെ റെയിൽവേ ഭൂമിയിൽനിന്നു അലൈൻമെന്റ് മാറുന്നതിനാൽ ആദ്യഘട്ടമായി തിരുവനന്തപുരം– തൃശൂരും രണ്ടാംഘട്ടമായി പുതിയ അലൈൻമെന്റിൽ തൃശൂർ മുതൽ കാസർകോട് വരെയും ആർആർടിഎസ് പദ്ധതി നടപ്പാക്കാൻ കഴിയും. മെട്രോ ആക്ടിന്റെ പരിധിയിൽ വരണമെങ്കിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ മെട്രോപ്പൊലിറ്റൻ പ്രദേശമായി സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്യണം. നഗര–ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിൽ തുടർച്ചയായി പട്ടണങ്ങളുള്ളതിനാൽ ഇതു സാധ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു

Related Articles

Back to top button