ഇന്ത്യ-പാക് സംഘർഷ സാധ്യത… അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പ് ഇന്ന് തുടങ്ങും

ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യത കനക്കവേ വിവിധ സംസ്ഥാനങ്ങൾ ഇന്നു മുതൽ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പ് തുടങ്ങും. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താനാണ് കേന്ദ്രം ഇന്നലെ നിർദ്ദേശം നല്കിയത്. ഇതിനുള്ള ഏഴ് നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്ലാ ചീഫ് സെക്രട്ടറിമാർക്കും അയച്ചു.  വ്യോമ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കാനുള്ള എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ സ്വീകരിക്കുക, തന്ത്രപ്രധാന കേന്ദ്രങ്ങൾ പെട്ടെന്ന് കണ്ടെത്താതിരിക്കാനുള്ള നടപടി എടുക്കുക, വിദ്യാർത്ഥികൾക്കടക്കം പരിശീലനം നല്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്രം നല്കി. എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അപ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിൽ കഴിഞ്ഞ ദിവസം ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. പാകിസ്ഥാനിലേക്ക് ജലമൊഴുക്ക് കുറയ്ക്കാൻ കൂടുതൽ നടപടികൾ ഇന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ കഴിഞ്ഞ ദിവസം പഞ്ചാബിൽ നടത്തിയിരുന്നു. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകൾ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ പരീക്ഷിക്കുകയും ചെയ്തു. രാത്രി 9 നും 9.30 നും ഇടയിലായിരുന്നു മോക് ഡ്രിൽ. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (പിഎസ്പിസിഎൽ) 30 മിനിറ്റ് നേരത്തേക്ക് വൈദ്യുതി വിച്ഛേദിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമായിരുന്നു മോക്ക് ഡ്രില്ലെന്ന് ഫിറോസ്പൂർ കാന്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗുർജന്ത് സിംഗ് പറഞ്ഞു. ലൈറ്റുകൾ പൂർണമായും ഓഫ് ചെയ്തു. വാഹനങ്ങളുടെ ലൈറ്റും ഓഫാക്കി. പൂർണമായും ഇരുട്ടത്തായിരുന്നു മോക്ക് ഡ്രിൽ. എല്ലാ കവലകളിലും പൊലീസിനെ വിന്യസിച്ചിരുന്നു. പരിശീലനം പതിവ് തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ ദീപ്ശിഖ ശർമ്മ പറഞ്ഞു.അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യം വന്നാലും നേരിടാൻ സജ്ജമാണെന്നും   ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അതിർത്തി സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കി. പഞ്ചാബ് പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രധാന സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.  

Related Articles

Back to top button