രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത…സഞ്ജു സാംസണ് ഇന്നും ടീമിലില്ല…
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ നിര്‍ണായക ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. മൊയീന്‍ അലിയും രമണ്‍ദീപ് സിംഗും കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാന് കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. നേരിയ പരിക്കുള്ള നിതീഷ് റാണ പുറത്തായപ്പോള്‍ കുമാര്‍ കാര്‍ത്തികേയക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തി. കുനാല്‍ റാത്തോറും യുദ്ധവീര്‍ സിംഗും ഇന്ന് രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഇന്നും പ്ലേയിംഗ് ഇലവനിലില്ല. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് തന്നെയാണ് ഇന്നും രാജസ്ഥാനെ നയിക്കുന്നത്.ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായില്ലെങ്കിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയുടെ നില പരുങ്ങലിലാകും. ഇന്ന് തോറ്റാൽ പിന്നീട് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലെത്താൻ വിദൂര സാധ്യതയെങ്കിലും ബാക്കിവെയ്ക്കാനാകൂ. മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട കൊൽക്കത്ത അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു.