മലപ്പുറത്ത് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചര വയസ്സുകാരി മരിച്ചു
മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേ വിഷബാധയുണ്ടായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ചര വയസ്സുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ സിയ ഫാരിസാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
മാർച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഐഡിആർബി വാക്സിൻ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ കുട്ടി ഉൾപ്പടെ ഏഴുപേർക്ക് അന്ന് കടിയേറ്റിരുന്നു. എന്നാൽ കുട്ടി ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.