തൊഴിലാളി സ്വന്തമായി ബിസിനസ് തുടങ്ങിയത് ഇഷ്ടപ്പെട്ടില്ല.. അവസാനിപ്പിക്കണമെന്ന് ഭീഷണി… കേൾക്കാതെ വന്നതോടെ..

ദില്ലിയില്‍ ഹോട്ടല്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുന്‍ തൊഴിലുടമകള്‍ക്കെതിരെ അന്വേഷണം. തിലക് നഗറിലെ ബിസിനസുകാരനായ സാഗറി (35) ന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ വഴിത്തിരിവ്. സാഗര്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ ഉടമകളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അമിത്, അങ്കിത്, സഹില്‍ എന്നീ ഹോട്ടല്‍ നടത്തിപ്പുകാരാണ് കേസിലെ പ്രതികള്‍. 

പ്രതികളുടെ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സാഗറും സഹോദരനും ജനുവരി മുതല്‍ സ്വന്തമായി ഹോട്ടല്‍ നടത്തിപ്പ് ബിസിനസ് തുടങ്ങി. ഇതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നാണ് നിഗമനം. സാഗറിനെതിരെ ഇവരില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്നും ബിസിനസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ നിന്ന് കാണാതായ സാഗറിനെ ഉത്തര്‍ പ്രദേശിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 26 നാണ് ഇയാളെ കാണാതാവുന്നത്. പ്രതികള്‍ മാര്‍ച്ച് 26 ന് സാഗറിനെ ഫോണ്‍ ചെയ്തതായി സഹോദരന്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 27 ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും മാര്‍ച്ച് 30 നാണ് പൊലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ തയ്യാറായത്. സംഭവം മറച്ചുവെക്കാന്‍ പ്രതികളില്‍ നിന്ന് പൊലീസ് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സാഗറിന്‍റെ സഹോദരന്‍ ആരോപിച്ചിരുന്നു. നിലവില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button