രാവിലെത്തൊട്ട് പരാക്രമം.. രണ്ടുമണിക്കൂറിനിടെ തെരുവുനായ കടിച്ചത് 38 പേരെ.. നായയെ ചത്ത നിലയിൽ കണ്ടെത്തി…
അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി നായയുടെ പരാക്രമം. വിദ്യാര്‍ഥികളും സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടെ 38 പേര്‍ക്ക് നായയുടെ കടിയേറ്റു. പേവിഷബാധയുള്ള നായയാണ് കടിച്ചുപരിക്കേല്‍പ്പിച്ചതെന്നാണ് സംശയിക്കുന്നത്. നായയുടെ കടിയേറ്റ് ചിലര്‍ക്ക് സാരമായി പരിക്കേറ്റു. ഇവര്‍ ജില്ലാ ആസ്പത്രി, മിംസ് ആസ്പത്രി, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആസ്പത്രി എന്നിവിടങ്ങളില്‍ ചികിത്സ നല്‍കി. ഒരാളെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസ്, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആസ്പത്രി എന്നിവിടങ്ങളിലായി രണ്ടുപേര്‍ ചികിത്സയിലാണ്. വാക്‌സിന്‍ അലര്‍ജിയുള്ള രണ്ടുപേരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് നായയുടെ പരാക്രമം തുടങ്ങിയത്. പൊതുവാച്ചേരി, ഇരിവേരി, ആര്‍.വി. മെട്ട, ഇരിവേരി കാവ് പരിസരം, പാനേരിച്ചാല്‍, ചാപ്പ, ബെവറേജസ് പരിസരം, സോനാ റോഡ്, മുഴപ്പാല, ആനേനിമെട്ട, പള്ളിച്ചാല്‍, പുതുക്കുടിച്ചാല്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നായ ആളുകളെ ആക്രമിച്ചു.