പ്രതിരോധ കുത്തിവെപ്പെടുത്ത കുഞ്ഞിൻ്റെ മരണം.. വീഴ്ച ആശുപത്രിയുടേതല്ല…മരണകാരണം..
കോന്നിയിൽ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രെയ്സ്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടർ കുത്തിവെപ്പെടുത്തത്. കുത്തിവെപ്പിന് ശേഷവും കുഞ്ഞിനെ നിരീക്ഷിച്ചു. ആശുപത്രിയിൽ വെച്ച് അസ്വസ്ഥതകൾ കാണിച്ചിട്ടില്ല. കുഞ്ഞിന് ഭാരം കുറവായിരുന്നു. കുത്തിവെച്ച മരുന്നിന്റെ അളവ് ഉൾപ്പടെ കൃത്യമായി പരിശോധിച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിനെ തുടർന്നാണ് പത്തനംതിട്ട നാരങ്ങാനം കൃഷ്ണഭവനിൽ അഭിലാഷ്- ധന്യ ദമ്പതികളുടെ മകൻ വൈഭവ് മരിച്ചത്. കുത്തിവെപ്പെടുത്തതിനെ തുടർന്ന് തളർച്ച അനുഭവപ്പെട്ട കുഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.