നാൽപ്പത്തിരണ്ടുകാരനും പതിനഞ്ചുകാരിയുമായി വർഷങ്ങളായുള്ള അടുപ്പം…പതിനഞ്ചുകാരിയേയും അയൽവാസിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ..
പൈവളിഗെയിൽ പതിനഞ്ചുകാരിയേയും അയൽവാസിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 42 വയസുള്ള പ്രദീപും പതിനഞ്ചുകാരിയായ പെൺകുട്ടിയും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സംബന്ധിച്ച് നേരത്തേ തന്നെ ചൈൽഡ് ലൈനിൽ പരാതി ലഭിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ, അന്ന് സഹോദര സ്നേഹം എന്ന് പറഞ്ഞാണ് ഇയാൾ കേസിൽ നിന്നും ഒഴിവായത്. രണ്ടുപേരുടെയും കുടുംബവും അന്ന് ഇവർക്കൊപ്പം നിന്നു. പെൺകുട്ടിയുമൊത്തുള്ള 92 ചിത്രങ്ങൾ മരിക്കും മുമ്പ് പ്രദീപ് കർണാടകയിലുള്ള ബന്ധുവിന് അയച്ചുകൊടുത്തിരുന്നു.. പല സമയങ്ങളിൽ പല സ്ഥലത്തുവച്ച് എടുത്ത ചിത്രങ്ങളാണ് ഇയാൾ അയച്ചുകൊടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവിളഗെ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തങ്ങൾ ഉറക്കമുണർന്നപ്പോൾ മകൾ വീട്ടിലുണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ പ്രദീപി(42)നേയും കാണാനില്ലെന്ന് വ്യക്തമായത്. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഇവരെ ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയതിനു സമീപത്ത് അന്ന് കാണിച്ചിരുന്നു. തുടർന്ന് ഡ്രോൺ ഉൾപ്പെടെ വച്ച് അന്വേഷണം നടത്തിയെങ്കിലും അവരെ കണ്ടെത്താനായിരുന്നില്ല എന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ കൃത്യമായ തിരച്ചിൽ അന്ന് നടത്താത്തതിനാലാണ് മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്. രണ്ടുപേരുടേയും മൃതദേഹങ്ങൾക്കടുത്ത് രണ്ടു ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്.
ഇരുവരും തമ്മിൽ ദീർഘനാളായി അടുപ്പമുണ്ടെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ഫോണിലൂടെയാണു ബന്ധം തുടർന്നത്. പരസ്പരം വിളിക്കുകയും ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. രണ്ടുപേരും ഒരേ നാട്ടുകാരാണ്. വീട്ടുകാർ തമ്മിലും അടുപ്പമുണ്ട്. പെൺകുട്ടിയുടെ വീട്ടിൽ ഇയാൾക്ക് എപ്പോൾ വേണമെങ്കിലും വരാനുള്ള സ്വാതന്ത്ര്യവും പ്രദീപിനുണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്നതാണ് പെൺകുട്ടിയുടെ കുടുംബം. ഉള്ളത്. പ്രദീപ് അവിവാഹിതനാണ്. ഇരുവരുടെയും ബന്ധം സംബന്ധിച്ച് ചൈൽഡ് ലൈനിൽ പരാതി ലഭിച്ചതിന് ശേഷവും ഇയാളുടെ കാറിൽ പെൺകുട്ടി ക്ഷേത്രങ്ങളിലേക്കും മറ്റും പോയിരുന്നു. നേരത്തേ ഇയാൾക്ക് ഓട്ടോറിക്ഷയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ കാറാണ്. ഡ്രൈവറായും ഇയാൾ ജോലിക്കു പോകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
കർണാടകയിലുള്ള ബന്ധുവിന് പ്രദീപ് ചിത്രങ്ങൾ അയച്ചുകൊടുത്തതിന് പിന്നാലെ കർണാടക പൊലീസിനെ ബന്ധപ്പെട്ട് കർണാടകയിലും അന്വേഷണം നടത്തിയിരുന്നു. കർണാടകയിലെ പെൺകുട്ടിയുടെ പരിചയക്കാരിലൂടെയും ബന്ധുക്കളിലൂടെയും തിരച്ചിലിൽ ഊർജിതമാക്കി. പൈവളിഗെയിലെ വീടും പരിസരവും കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ടായിരുന്നു. കർണാടകയിലേക്ക് ഇരുവരും പോയിട്ടില്ലെന്ന് ഉറപ്പായതോടെയാണ് വീടിന്റെ പരിസരം കേന്ദ്രീകരിച്ചുള്ള പരിശോധന പൊലീസ് കർശനമാക്കിയത്. ഈ പരിശോധനയിലാണ് വീടിനു സമീപത്തുള്ള പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. അതേസമയം, ഇരുവരുടെയും മരണകാരണം സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം.
ഫെബ്രുവരി 12ന് രണ്ടുപേരെയും കാണാതായെന്ന പരാതി കിട്ടിയപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അന്നുതന്നെ പ്രദേശത്തു തിരഞ്ഞു. രണ്ടാളും ഫോൺ ഇവിടെ ഉപേക്ഷിച്ച് കർണാടകയിലും മറ്റുമുള്ള ബന്ധുക്കളുടെ അടുത്തു പോയിട്ടുണ്ടാകും എന്നാണു കുടുംബാംഗങ്ങൾ പറഞ്ഞത്. ഇതനുസരിച്ച് മടിക്കേരിയിലും കർണാടകയിലും അന്വേഷിച്ചു. ഡോഗ് സ്ക്വാഡും ഡ്രോണും ഉപയോഗിച്ചായിരുന്നു പരിശോധന. കാട്ടിലും പുഴയിലുമെല്ലാം പരിശോധിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ കിട്ടിയ ഭാഗത്തും പരിശോധിച്ചതാണ്. വീടിനോടു 200 മീറ്റർ ദുരെയാണ് ഇരുവരെയും ഇപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ കാട്ടിലേക്കോ മറ്റോ പോയിട്ടുണ്ടാകുമെന്നു കരുതിയാണ് അവിടങ്ങളിൽ പരിശോധിച്ചത്. ഈ ഭാഗത്തു കോഴിഫാം ഉണ്ട്. അവിടെനിന്നുള്ള ദുർഗന്ധം കാരണം മൃതദേഹം അഴുകിയതു തിരിച്ചറിയാനായില്ല. പരിസരത്തെ വീടുകളിൽ ചെന്ന് അസ്വാഭാവിക മണം വരുന്നോയെന്നു ചോദിച്ചിരുന്നു. അങ്ങനെ മണമില്ലെന്നു നാട്ടുകാർ പറഞ്ഞതോടെയാണു കാട്ടിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയും വിപുലമായ തിരച്ചിൽ നടത്തി. ഇവർ പരിസരത്തുണ്ടെന്നു പൊലീസ് സംശയം പറയുമ്പോൾ, ഇവിടെയില്ലെന്ന തരത്തിലാണു വീട്ടുകാരും നാട്ടുകാരും നിന്നത്. അതാണു മൃതദേഹങ്ങൾ കണ്ടെത്താൻ വൈകിയത്. ഒരു സാധനങ്ങളും പണവും കയ്യിലെടുക്കാതെയാണു ഇരുവരും പോയതെന്നും പൊലീസ് വ്യക്തമാക്കി.
ഇരുവരും കർണാടകയിലേക്ക് പോയിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. അന്വേഷണ സംഘത്തിന് ഇക്കാര്യം ഉറപ്പായതോടെയാണ് വീട്ടുപരിസരം കേന്ദ്രീകരിച്ചുള്ള പരിശോധന പൊലീസ് കർശനമാക്കിയത്. ഈ പരിശോധനയിലാണു വീടിന്റെ സമീപ പ്രദേശത്ത് തന്നെ രണ്ടുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കടുത്ത് രണ്ടു പേരുടെയും ഫോണുകളുമുണ്ടായിരുന്നു.