വീട്ടിൽ ചായസൽക്കാരത്തിന് എത്തിയ കുട്ടി..വളരെ സന്തോഷത്തോടെ പോയവൻ..ഷഹബാസിനെ ചതിച്ചത് ഉറ്റസുഹൃത്ത്…
താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ ജീവനെടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഷഹബാസിന്റെ ഉറ്റസുഹൃത്തെന്ന് പിതാവ് ഇക്ബാൽ പറഞ്ഞു. തന്റെ വീട്ടിൽ ചായസൽക്കാരത്തിന് എത്തിയ കുട്ടി, ചായ കുടിച്ച ശേഷം വളരെ സന്തോഷത്തോടെ പോയ അതേ വിദ്യാർത്ഥി തന്റെ മകനെ ചതിച്ചു എന്ന് അറിഞ്ഞപ്പോൾ നെഞ്ച്പൊട്ടി പോയെന്നും പിതാവ് വികാരാധീനനായി പറഞ്ഞു. ഷഹബാസിന്റെയും കുറ്റാരോപിതന്റെയും ഒരുമിച്ചുള്ള ചിത്രം ഇന്നലെയാണ് കണ്ടത്. കണ്ടപ്പോൾ തന്നെ താനും ഭാര്യയും ആകെ തകർന്നു പോയെന്നും പിതാവ് പറഞ്ഞു. തന്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല. ചെയ്തിരുന്നുവെങ്കിൽ ആക്രമണത്തിന് ഒരു കാരണമെങ്കിലും ഉണ്ടായിരുന്നേനേ. ഒരു കാര്യത്തിലും ഇടപെടാത്ത, ഒരു പ്രശ്നത്തിലും പോകാത്ത തന്റെ നിരപരാധിയായ മകനെ എല്ലാവരും കൂടിച്ചേർന്ന് കൊലപ്പെടുത്തിയത് തനിക്കും കുടുംബത്തിനും താങ്ങാനാവുന്നില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് കുറ്റോരോപിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതായി അറിയാൻ സാധിച്ചത്. അതോടെ താൻ മാനസികമായി തകർന്നുപോയി. പരീക്ഷ എഴുതേണ്ട തന്റെ മകൻ മണ്ണിനടിയിൽ ഉറങ്ങുന്നുണ്ട്. കോപ്പി അടിക്കുന്നവരെ പോലും പരീക്ഷ എഴുതാൻ അനുവദിക്കാത്ത സമൂഹത്തിൽ ക്രൂരമായ കൊലപാതകം നടത്തിയവരെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിലൂടെ നൽകുന്ന സന്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഇക്ബാൽ പറഞ്ഞു. അവർ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടന്നു. മകനെ കൊന്നവർ സുരക്ഷിതർ. അവർ പരീക്ഷ എഴുതുന്നു. ഈ വർഷം പരീക്ഷ എഴുതാൻ അനുമതി നൽകാതെ അടുത്ത വർഷം പരീക്ഷ എഴുതിച്ചിരുന്നുവെങ്കിൽ അതൊരു ഗുണപാഠം ആകുമായിരുന്നില്ലേ എന്നും ഇക്ബാൽ ചോദിച്ചു.
ഇത്തരം ക്രൂരകൃത്യം ചെയ്യാൻ മടിയില്ലാത്തവർ നാളെ കലാലയത്തിലെത്തുമ്പോൾ തോക്കുമായി മറ്റുള്ളവരെ വെടിവെച്ചു കൊല്ലുമെന്നും ശിക്ഷ ലഭിക്കുമെന്ന പേടി പോലും കൊലയാളികൾക്ക് ഉണ്ടാകില്ലെന്നും ഇക്ബാൽ പറഞ്ഞു. തന്റെ മകൻ പോയി ഇനി ഒരു രക്ഷകർത്താവിനും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷൻ സംഘത്തിലുള്ള ഗുണ്ടാത്തലവനാണ് ഒരു കുട്ടിയുടെ പിതാവ്. മറ്റ് കുട്ടികളുടെ വീട്ടുകാർക്കെല്ലാം നല്ല സ്വാധീനവും പൈസയും ഉള്ളവരാണ്. തങ്ങൾക്ക് സ്വാധീനമോ പണമോ ഇല്ല. എങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ഷഹബാസിന്റെ പിതാവ് പറയുന്നു. എങ്ങനെ മുന്നോട്ടു പോകണം എന്ന് അറിയില്ല. പരീക്ഷ എഴുതാൻ അനുവദിച്ചതോടെ നീതി നിഷേധിക്കപ്പെട്ടു. ആക്രമണത്തിന് മുതിർന്നവരുടെ പിന്തുണ കുട്ടികൾക്ക് ലഭിച്ചു. അവരുടെയൊക്കെ ഉന്നത സ്വാധീനം കൊണ്ട് കേസ് ഇല്ലാതാകുമോ എന്ന ഭയമുണ്ടെന്ന ആശങ്കയും ഇക്ബാൽ പ്രകടിപ്പിച്ചു.