റെയിൽവെ സ്റ്റേഷൻ ദുരന്തം; മരണം 18ആയി… ചികിത്സയിലായിരുന്ന 3പേർ കൂടി മരിച്ചു… 50ലധികം പേർക്ക് പരിക്ക്…

new-delhi railway station stampede accident

ന്യൂ ദില്ലി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ദില്ലി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മോദി എക്സിൽ കുറിച്ചു.

പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂ ദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.

Related Articles

Back to top button