ശ്രീതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും…ഹരികുമാറിനൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യൽ തുടരുന്നു…

സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലുള്ള ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശ്രീതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതേസമയം കൊലക്കേസില്‍ പ്രതിയായ അമ്മാവന്‍ ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞദിവസം ശ്രീതുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പങ്കുണ്ടോ എന്നുള്ളതാണ് നിലവില്‍ പൊലീസ് അന്വേഷിച്ചു വരുന്നത്. കഴിഞ്ഞ ദിവസമാണ് ഹരികുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയില്‍ വിട്ടത്. ഹരികുമാർ മാനസിക വെെല്ലുവിളി നേരിടുന്നയാളല്ലെന്ന് മാനസിക രോഗ വിദഗ്ധര്‍ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണസംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഹരികുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം നടത്തിയെങ്കിലും പ്രതിക്ക് അതിനുള്ള മാനസിക ആരോഗ്യം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് പ്രതിക്ക് വേണ്ടി ഹാജരായ ജില്ലാ ലീഗല്‍ അതോറിറ്റിയുടെ അഡ്വ സ്വാജിന എസ് മുഹമ്മദ് കോടതിയില്‍ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതി പ്രതിയെ മാനസിക പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അയച്ചത്.

എന്നാല്‍ മൂന്നുദിവസത്തെ നിരീക്ഷണത്തിനുശേഷം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രതിക്ക് യാതൊരുവിധത്തിലുള്ള മനോരോഗവും ഇല്ല എന്നുള്ള വിലയിരുത്തലിലേക്ക് എത്തുകയായിരുന്നു. സൈക്യാട്രി വിഭാഗം നല്‍കിയ സര്‍ട്ടിഫിക്കറ്റും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് കോടതി കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

Related Articles

Back to top button