രണ്ട് വയസ്സുകാരിയുടെ മരണം… കൂട്ട ആത്മഹത്യാ നീക്കത്തിൻ്റെ സാധ്യത തള്ളി പൊലീസ്…കുട്ടിയുടെ അച്ഛൻ…

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസ്. വീട്ടിൽ കയറുകൾ കുരുക്കിയ നിലയിൽ കണ്ടെത്തിയത് ആത്മഹത്യാ ശ്രമത്തിന്റെ സൂചനയെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പൊലീസ് കൂട്ട ആത്മഹത്യ നീക്കത്തിൻ്റെ സാധ്യത തള്ളിയിരിക്കുന്നത്.

പൊലീസ് മരണത്തിന് പിന്നിലെ മറ്റ് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചുതുടങ്ങിയിട്ടുണ്ട്. കുഞ്ഞിൻ്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുഞ്ഞിൻ്റെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ശ്രീജിത്ത് വീട്ടിലെത്തിയത് അമ്മ ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു. ശ്രീജിത്തിനെ സംശയമെന്ന് ശ്രീതുവിന്റെ മാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ പെൺകുട്ടിയുടെ അമ്മാവൻ്റെ മുറിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ മണ്ണെണ്ണ കണ്ടെത്തിയിരുന്നു.

നിലവിൽ അമ്മയെയും അച്ഛനേയും അമ്മാവനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തൻ്റെ സഹോദരനൊപ്പമായിരുന്നു മകളെന്നും അഞ്ചിനും അഞ്ചരയ്ക്കുമിടയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടുവെന്നും കുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചതായാണ് വിവരം. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കാണാതായത്. പിന്നീട് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.

Related Articles

Back to top button