ദുരൂഹ മരണങ്ങൾ ഏറുന്നു…രോ​ഗ ലക്ഷണങ്ങളുളള ഒൻപത് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

ദുരൂഹ​ മരണങ്ങൾക്ക് പിന്നാലെ ഒൻപത് പേരെ കൂടി സമാന രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാദൽ ജില്ലയിൽ നിന്നുളളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളത്.

പനിയും ശ്വാസതടസവും അനുഭവപ്പെട്ട രോ​ഗികൾ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിലെത്തിയതെന്ന് രജൗരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ അമർജീത് പറഞ്ഞു. ഇവരുടെ നില പിന്നീട് ​ഗുരുതരമായി. രണ്ട് പെൺകുട്ടികൾ ഒഴികെ ബാക്കിയുളളവർ ​ഗുരുതരനില തരണം ചെയ്തിട്ടുണ്ട്. ചികിത്സയുടെ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

രോ​ഗം ബാധിച്ച് നേരത്തെ മരണപ്പെട്ട മൂന്ന് കുടുംബങ്ങളുമായി ബന്ധമുളളവർക്കാണ് രോ​ഗ ലക്ഷണങ്ങളുളളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അധികവും കുട്ടികളാണ്. 300 ഓളം ആളുകൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോ​ഗം വ്യാപിക്കുന്നതിനാൽ ​ബാദലിൽ കർശന ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. രോ​ഗ വ്യാപനം തടയുന്നതിനായി ​ഗ്രാമത്തെ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുവരെ പതിനേഴ് പേർ ബാദലിൽ രോഗം ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാത രോഗം സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ട് നിയോഗിച്ചിരുന്നു. മന്ത്രിതല അന്വേഷണ സമിതിക്കാണ് രൂപം നൽകിയത്. ആരോഗ്യവകുപ്പിലെയും കൃഷി വകുപ്പിലെയും, ജലവകുപ്പിലെയും ഉൾപ്പടെ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുണ്ട്.

മരണത്തിന് കാരണമായ രോഗബാധയ്ക്ക് കാരണം ഏതെങ്കിലും വൈറസോ ബാക്ടീരിയയോ അല്ലെന്ന് നേരത്തെ തന്നെ അധികൃതർ സ്ഥിരീകരിച്ചിരുന്നു. അപകടകരമായ ഒരു വിഷവസ്തുവാണ് രോഗബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. കാഡ്മിയം ടോക്‌സിനാണ് ഈ വിഷവസ്തുവെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞത്. ലഖ്‌നൗവിലെ ഐഐടി റിസർച്ച് സെന്റർ നടത്തിയ പരിശോധനയിൽ രോഗം ബാധിച്ചവരുടെ ശരീരത്തിൽ കാഡ്മിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എങ്ങനെ ഇവരുടെ ശരീരത്തിലെത്തി എന്നത് കണ്ടുപിടിക്കേണ്ടതാണ്. രോഗബാധിതരുടെ ശരീരത്തിൽ മറ്റ് തരത്തിലുള്ള വൈറസിന്റെയോ ബാക്ടീരിയയുടെയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷന്റെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button