തീ പിടിച്ചെന്ന് അഭ്യൂഹം…എടുത്ത് ചാടിയത് മറ്റൊരു തീവണ്ടിയുടെ മുന്നിലേക്ക്…മരണസംഖ്യ ഉയരുന്നു…

മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ കർണാടക എക്‌സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്. പുഷ്പക് എക്‌സ്പ്രസിൽ തീപിടിച്ചെന്ന് അഭ്യൂഹത്തെ തുടർന്നാണ് യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുചാടിയത്. ഈ സമയം, സമീപത്തെ ട്രാക്കിലൂടെ എത്തിയ കർണാടക എക്സ്പ്രസ് ഇവർക്ക് മുകളിലൂടെ കയറുകയായിരുന്നു. ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയതെന്നും പറയുന്നു.

ട്രെയിനിൻ്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക സൂചന. എന്നാൽ, പുഷ്പക് എക്സ്പ്രസിൽ തീപിടുത്തമുണ്ടായോ എന്ന കാര്യം റെയിൽവേ പരി​ഗണിച്ചില്ല. പുഷ്പക് എക്സ്പ്രസിൽ തീ പടർന്നുവെന്ന വിവരം വ്യാജമാണെന്നും സൂചനയുണ്ട്. നിരവധി യാത്രക്കാർക്ക് ​ഗുരുതരമായി പരിക്കേറ്റു. പാളത്തിലേക്ക് ചാടിയ യാത്രക്കാരുമായി എതിർദിശയിൽ വന്ന ബെംഗളൂരു എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

എട്ടോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

പുഷ്പക് എക്‌സ്പ്രസിൻ്റെ ഒരു കോച്ചിനുള്ളിൽ ബ്രേക്ക്-ബൈൻഡിംഗ് (ജാമിംഗ്) കാരണം തീപ്പൊരികൾ ഉണ്ടായി. തീപ്പൊരി കണ്ടതോടെ ചില യാത്രക്കാർ പരിഭ്രാന്തരായി ചങ്ങല വലിച്ചു. അവരിൽ ചിലർ ട്രാക്കിലേക്ക് ചാടിയെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായവും നൽകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുന്നതായി ജല്‌ഗാവ് കാവൽ മന്ത്രി കൂടിയായ മഹാരാഷ്ട്ര മന്ത്രി ഗുലാബ്രറാവു പാട്ടീൽ പറഞ്ഞു.

Related Articles

Back to top button