ക്ലാസിലേക്ക് നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം…എട്ട് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു…..
ഗുജറാത്തിൽ മൂന്ന് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു. അഹമ്മദാബാദിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. എട്ട് വയസ്സുകാരിയായ ഗാർഗി രൺപരയാണ് മരിച്ചത്. സ്കൂളിലേക്ക് പതിവുപോലെയെത്തിയ കുട്ടി ദേഹാസ്വാസ്ഥത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
രാവിലെ ഏഴ് മണിയോടെയാണ് സംഭവം. സ്കൂൾ ബസിൽ പതിവുപോലെ എത്തിയ കുട്ടി ക്ലാസിലേക്ക് നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിശ്രമിക്കാൻ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ സമീപത്തെ കസേരയിലിരുന്ന കുട്ടി നിമിഷങ്ങൾക്കകം കുഴഞ്ഞുവീഴുകയായിരുന്നു. സിപിആർ ഉൾപ്പെടെ അധ്യാപകർ നൽകിയിരുന്നു. പിന്നാലെ ജീവനക്കാരുടെ കാറിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടി കസേരയിലിരിക്കുന്നതും മറ്റ് കുട്ടികൾ വിവരം അന്വേഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടി കുഴഞ്ഞുവീഴുന്ന സമയത്ത് സമീപത്ത് സ്കൂൾ ജീവനക്കാർ തമ്മിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുഴഞ്ഞുവീണ ഗാർഗിയെ കടന്ന് മറ്റ് വിദ്യാർത്ഥികളും നടക്കുന്നുണ്ട്. ഇതിൽ ഏതാനും കുട്ടികൾ കൂടിനിന്ന അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് ഇവർ വിവരമറിയുന്നത്. കുട്ടി കസേരയിലിരിക്കുമ്പോഴേക്കും അധ്യാപകർ കോറിഡോറിലൂടെ നടക്കുന്നുണ്ട്. കുട്ടിയോട് വിവരം തിരക്കാനും അധ്യാപകർ എത്തുന്നില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകിയെന്നും ഇതോടെയാണ് സ്കൂൾ അധികൃതരുടെ വാഹനത്തിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ട് വന്ന ശേഷം തുടർനടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. മുംബൈയിൽ ബിസിനസുകാരനാണ് ഗാർഗിയുടെ അച്ഛൻ. അമ്മയും മുംബൈയിലായതിനാൽ ഗുജറാത്തിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം.