ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണത് ഉറങ്ങിക്കിടന്ന പിഞ്ച് കുട്ടികളുടെ മേൽ…മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടിയടക്കം…
ഉറങ്ങിക്കിടന്ന കുട്ടികളുടെ മേൽ മതിലിടിഞ്ഞ് വീണു. മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടിയടക്കം 4 കുട്ടികൾക്ക് ദാരുണാന്ത്യം. ഇഷ്ടിക ചൂളയിലെ മതിലാണ് ഉറങ്ങിക്കിടന്നിരുന്ന കുട്ടികളുടെ മേൽ തകർന്ന് വീണത്. ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്ക്. ഹരിയാനയിലെ ഹിസാറിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്.
നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9), നന്ദിനി (5), വിവേക് (9) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ ജോലിക്കെത്തിയ മാതാപിതാക്കളോടൊപ്പം വന്നതായിരുന്നു കുട്ടികൾ. രാത്രി നിർമാണ ജോലികൾ നടന്നുകൊണ്ടിരിക്കെ കുട്ടികൾ ചൂളയുടെ പുകക്കുഴലിനടുത്തുള്ള മതിലിനു താഴെ കിടന്നുറങ്ങുമ്പോഴാണ് അപകടമുണ്ടായത്.
സൂരജും നന്ദിനിയും വിവേകും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് പോകുന്ന വഴി യാത്രാമധ്യേയാണ് നിഷ മരിച്ചത്. അഞ്ച് വയസുകാരിയായ ഗൗരിയെ ഗുരുതര പരിക്കുകളോടെ ഹിസാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
മരണപ്പെട്ട കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഹിസാർ ആശുപത്രിയിൽ നടക്കും.അതേസമയം സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.