കൈകൂപ്പി അപേക്ഷിച്ച് ജില്ലാ കളക്ടർ….മൃത​ദേ​ഹം മാറ്റാൻ നാട്ടുകാർ അനുവദിച്ചത് ഏഴ് മണിക്കൂറിന് ശേഷം

കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ കളക്ടർ നാട്ടുകാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാൻ നാട്ടുകാർ അനുവദിച്ചത്. പ്രദേശവാസികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മൃതദേഹം എടുക്കാനുള്ള അനുവാദം നൽകണമെന്ന് കളക്ടർ നാട്ടുകാരോട് കൈക്കൂപ്പി അപേക്ഷിക്കുകയായിരുന്നു.

കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് എൽദോസിന്റെ മൃതദേഹം മാറ്റിയത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. പ്രതിഷേധം തുടങ്ങി ഏഴ് മണിക്കൂർ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാർക്ക് ജില്ലാ കളക്ടർ ഉറപ്പ് നൽകിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാർ അവസാനിപ്പിച്ചത്.

ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് കളക്ടർ പറഞ്ഞു. നാട്ടുകാരുടെ ആവശ്യങ്ങളിൽ വിശദമായി ഓരോകാര്യവും ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിലെ തീരുമാനങ്ങൾ അറിയിച്ച ശേഷം മൃതദേഹം എടുക്കാനുള്ള അനുവാദം നൽകണമെന്ന് കളക്ടർ നാട്ടുകാരോട് കൈക്കൂപ്പി അപേക്ഷിച്ചു. മരിച്ച എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം ഉടൻ തന്നെ കൈമാറും. ഡി.എഫ്.ഒ. ചെക്ക് ഒപ്പിട്ടു നൽകിയിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധക്കാർ അയഞ്ഞത്.

എട്ട് കിലോമീറ്റർ ട്രെഞ്ചിങ്ങ് ജോലി ചൊവ്വാഴ്ച തുടങ്ങും. സോളാർ വേലി സ്ഥാപിക്കാനുള്ള ജോലി 21-ന് പുനരാരംഭിക്കും. സോളാർ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലി ഉടനെ ആരംഭിക്കും. അഞ്ചുദിവസത്തിനുള്ളിൽ വഴി വിളക്ക് പുനഃസ്ഥാപിക്കും. 27-ന് കളക്ടർ നേരിട്ട് വന്ന് അവലോകനം നടത്തും. ആർ.ആർ.ടിക്ക് വാഹനസൗകര്യം ഉറപ്പാക്കും. വാഹനത്തിനായി എം.എൽ.എ. ഫണ്ട് അനുവദിക്കും. അതുവരെ വാടകയ്‌ക്കെടുക്കും എന്നീ കാര്യങ്ങളിലാണ് ചർച്ചയിൽ തീരുമാനമായത്.

അതേസമയം, കോതമംഗലത്ത് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്. നേരത്തെ സംഭവ സ്ഥലത്തേക്ക് എത്തി കളക്ടർക്കും എംഎൽഎക്കും നേരെ നാട്ടുകാർ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു. നീണ്ട നേരത്തെ ചർച്ചയ്ക്കൊടുവിലാണ് സമവായത്തിലെതത്തിയത്. അതേസമയം, സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ രംഗത്ത് വന്നു. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ രംഗത്ത് വന്നത്. ഈ വിഷയങ്ങൾ സംസ്ഥാന സർക്കാരിന് മുന്നിൽ പലപ്പോഴായി പറഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഫെൻസിങ് പൂർത്തിയാക്കുകയോ ആർആർടിയെ അയക്കുകയോ ചെയ്തില്ല.

Related Articles

Back to top button