എഡിഎമ്മിൻ്റെ മരണം…. കേസ് ഡയറി ചോദിച്ചതോടെ എസ്ഐടിയുടെ പരക്കംപാച്ചിൽ…

എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടതോടെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ‘ഉറക്കമുണർന്നു’. നവീന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധന പോലും നടത്താതെ കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ വ്യാഴാഴ്ച ഹാജരാക്കി. അന്നുതന്നെ കലക്ടർ അരുൺ കെ.വിജയന്റെ മൊഴിയെടുക്കുകയും ചെയ്തു. കേസിൽ പ്രാഥമികാന്വേഷണം നടത്തിയ കണ്ണൂർ ടൗൺ എസ്എച്ച്ഒ എടുത്ത മൊഴി   മതിയെന്നായിരുന്നു നേരത്തേയുള്ള നിലപാട്.

നിർണായക തെളിവായ ഫോൺ ഫൊറൻസിക് പരിശോധന നടത്താതെ കസ്റ്റഡിയിൽ വയ്ക്കുന്നത് തെളിവു നശിപ്പിക്കാനാണെന്ന ആരോപണ     വുമുയർന്നിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിലാണ്, എസ്ഐടിയുടെ കേസ് ഡയറി ഡിസംബർ 6നു ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഒക്ടോബർ 15നു സംഭവിച്ച മരണത്തിൽ 10 ദിവസത്തിനുശേഷമാണ് എസ്ഐടിയെ നിയോഗിച്ചത്. നവീൻബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തതുപോലും കേസിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു ജാമ്യം ലഭിച്ചശേഷമാണ്. ദിവ്യയുടെയും എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച ടി.വി.പ്രശാന്തിന്റെയും ഫോൺ വിവരങ്ങൾ (സിഡിആർ) ഇപ്പോഴും ശേഖരിച്ചിട്ടില്ല. ഇതെല്ലാം ശേഖരിക്കാനുള്ള ഓട്ടത്തിലാണ് എസ്ഐടി.

Related Articles

Back to top button