ഒരു മണിക്കൂറോളം പൊലീസിനെ വട്ടം കറക്കി…അടിവസ്ത്രങ്ങൾ അടങ്ങിയ തുണികളും, മുറിയിലെ രക്തം തുടച്ച തുണികളും കാട്ടികൊടുത്തു…ആലപ്പുഴ കൊലക്കേസ് അവസാന ഘട്ടത്തിൽ….
അമ്പലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയചന്ദ്രനുമായി അമ്പലപ്പുഴ പൊലീസ് തെളിവെടുപ്പു നടത്തി. ജയചന്ദ്രൻ്റെ കരൂർ പുതവൽ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിന് പിന്നാലെ മുറി വൃത്തിയാക്കിയ ചൂൽ കണ്ടെടുത്തു.മൃതദേഹം കണ്ടെത്തിയ ദിവസം കരുനാഗപ്പള്ളി പൊലീസ് കൊലക്കുപയോഗിച്ച വെട്ടുകത്തിയും, കുഴിയെടുക്കാനുപയോഗിച്ച മൺവെട്ടിയും കണ്ടെടുത്തിരുന്നു. പിന്നീട് പനക്കൽ പാലത്തിന് സമീപത്തെ തോട്ടിൽ നിന്ന് രക്തം പുരണ്ട വിജയലക്ഷ്മിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു. ഒരു മണിക്കൂറോളം പൊലീസിനെ വട്ടം കറക്കിയ ശേഷമാണ് അടിവസ്ത്രങ്ങൾ അടങ്ങിയ തുണികളും, മുറിയിലെ രക്തം തുടച്ച തുണികളും അടങ്ങിയ സഞ്ചി ജയചന്ദ്രൻ കാട്ടികൊടുത്തത്.തുടർന്ന് മെഡിക്കൽ പരിശോധനക്കു ശേഷം തിരികെ അമ്പലപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. ഇനി ജയചന്ദ്രൻ്റെ ഇരുചക്രവാഹനവും, വിജയലക്ഷ്മിയുടെ സ്വർണാഭരങ്ങൾ വിറ്റ ജ്യൂവലറിയിലും തെളിവെടുപ്പ് നടത്തും. അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇരുവരും എത്തിയതിൻ്റെ തെളിവൊന്നും പൊലീസിന് ശേഖരിക്കാനായിട്ടില്ല. സമീപത്തെ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളിലൊന്നും ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.6 ദിവസത്തേക്കാണ് അമ്പലപ്പുഴ കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അതിനുള്ളിൽ മുഴുവൻ തെളിവുകളും ശേഖരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അമ്പലപ്പുഴ പൊലീസ്.