‘വിളിക്കുമ്പോഴെല്ലാം മകൾ വിഷമത്തിലാണെന്ന് തോന്നിയിരുന്നു… സഹപാഠികൾക്ക് മുന്നിൽ വെച്ച് അപമാനം’…അമ്മുവിന്റെ മരണത്തിന് പിന്നാലെ….

നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കവെ, ചുട്ടിപ്പാറ നഴ്‌സിങ് കോളേജിനെതിരെ കൂടുതല്‍ ആരോപണങ്ങലുമായി മുൻ വിദ്യാർത്ഥിനിയുടെ കുടുംബം. തന്റെ മകള്‍ക്കും കോളേജില്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായി പൂര്‍വ്വവിദ്യാര്‍ത്ഥിനിയുടെ അമ്മ ആരോപിക്കുന്നു. പ്രധാനപ്പെട്ട റെക്കോര്‍ഡ് ബുക്കില്‍ ടീച്ചറുടെ ഒപ്പ് തന്റെ മകള്‍ ഇട്ടതായി ആരോപിച്ച് സഹപാഠികളുടെ മുന്നില്‍വെച്ച് ടീച്ചര്‍ തന്റെ മകളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അപമാനിച്ചു. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ അധ്യാപിക കയര്‍ത്ത് സംസാരിച്ചെന്നും വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു.

‘കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. വിളിക്കുമ്പോഴെല്ലാം മകള്‍ വിഷമത്തിലാണെന്ന് തോന്നിയിരുന്നു. നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് വിവരം പറഞ്ഞത്. മകള്‍ എന്റെയടുത്ത് പൊട്ടിക്കരഞ്ഞു. സഹപാഠികളുടെ മുന്നില്‍ വച്ച് ടീച്ചര്‍ മകളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. എല്ലാ കുട്ടികളുടെയും മുമ്പില്‍ വെച്ച് ചെയ്യാത്ത കാര്യത്തിന് എന്റെ മകളെ അപമാനിച്ചു. വിവരം ചോദിക്കാന്‍ ഞാന്‍ ടീച്ചറെ വിളിച്ചപ്പോള്‍ ടീച്ചര്‍ എന്നോട് കയര്‍ത്തു.

മകള്‍ അങ്ങനെ ചെയ്യില്ല എന്ന് ടീച്ചറോട് പറഞ്ഞു. മകള്‍ക്ക് ടെന്‍ഷന്‍ വന്ന് ശ്വാസംമുട്ടല്‍ ആണെന്നും ടീച്ചറോട് പറഞ്ഞു. മകളെ ആശുപത്രിയില്‍ കാണിക്കാന്‍ പോവുകയാണെന്നും ടീച്ചറോട് പറഞ്ഞു. ആരാണ് തന്റെ ഒപ്പിട്ടതെന്ന് അറിയണം എന്ന് ടീച്ചര്‍ എന്നോട് പറഞ്ഞു. തിങ്കളാഴ്ച കുട്ടിയോട് വരാന്‍ ടീച്ചര്‍ പറഞ്ഞു. താന്‍ ഒപ്പിട്ട് നല്‍കാമെന്നും ടീച്ചര്‍ അറിയിച്ചു’, പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു.

അതേസമയം അമ്മുവിന്റെ മരണത്തില്‍ റിമാര്‍ഡിലുള്ള മൂന്ന് വിദ്യാര്‍ത്ഥികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുക. ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടേക്കും.

Related Articles

Back to top button