അടിവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ് വിവസ്ത്രയാക്കി… യുവതി…
ബിസിനസുകാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ സി.ഐ.ഡി ഉദ്യോഗസ്ഥക്കെതിരെ പരാതി. കർണാടക സി.ഐ.ഡി. ഡെപ്യൂട്ടി സൂപ്രണ്ടായ കനകലക്ഷ്മിയുടെ ഭീഷണിയെ തുടർന്നാണ് ജീവ എന്ന മുപ്പത്തിമൂന്നുകാരി ജീവനൊടുക്കിയതെന്നാണ് ആരോപണം. കനകലക്ഷ്മി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ജീവ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ സഹോദരി നൽകിയ പരാതിയിൽ പറയുന്നത്.
കർണാടക സർക്കാരിന്റെ ബോവി വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് ജീവയെ സി.ഐ.ഡി സംഘം ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. കോർപ്പറേഷനിലേക്ക് ചില അസംസ്‌കൃതവസ്തുക്കൾ വിതരണംചെയ്തിരുന്നത് ജീവയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജീവയെ സി.ഐ.ഡി സംഘം ചോദ്യംചെയ്തത്. ജീവയെ ചോദ്യംചെയ്യാൻ വിളിപ്പിച്ച സി.ഐ.ഡി. ഉദ്യോഗസ്ഥ യുവതിയെ വിവസ്ത്രയാക്കി അപമാനിച്ചെന്നും സഹോദരി നൽകിയ പരാതിയിലുണ്ട്. ജീവ എഴുതിയതെന്ന് കരുതുന്ന 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് സഹിതമാണ് സഹോദരി സി.ഐ.ഡി ഉദ്യോഗസ്ഥക്കെതിരേ പരാതി നൽകിയിരിക്കുന്നത്.
നവംബർ 14-നും 23-നും ഇടയിൽ വീഡിയോ കോൺഫറൻസ് വഴി ചോദ്യംചെയ്യാനാണ് ഹൈക്കോടതി അന്വേഷണസംഘത്തോട് നിർദേശിച്ചിരുന്നതെന്നാണ് ജീവയുടെ സഹോദരി പറയുന്നത്. ഇത് മറികടന്നാണ് സി.ഐ.ഡി. ഉദ്യോഗസ്ഥ നേരിട്ട് വിളിപ്പിച്ചതെന്നും അവർ ആരോപിച്ചു.
നവംബർ 14-നാണ് ജീവ പാലസ് റോഡിലെ സി.ഐ.ഡി. ആസ്ഥാനത്ത് ഹാജരായത്. ഡി.എസ്.പി. കനകലക്ഷ്മിയായിരുന്നു ജീവയെ ചോദ്യംചെയ്തത്. അവർ ജീവയെ വിവസ്ത്രയാക്കി. അടിവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞാണ് അവർ വസ്ത്രം അഴിപ്പിച്ചത്. തുടർന്ന് സി.ഐ.ഡി. ആസ്ഥാനത്തുനിന്ന് പീനിയയിലെ ജീവയുടെ വ്യാപാരസ്ഥാപനത്തിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. അവിടെവെച്ച് മതിയായ രേഖകൾ കൈമാറിയിട്ടും ഡി.എസ്.പി. 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും ജീവയുടെ സഹോദരി നൽകിയ പരാതിയിൽ പറയുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ജീവയെ ഫോണിൽവിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി വിവരം തിരക്കാനായി ഒരാളെ പറഞ്ഞയക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ജീവയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ സഹോദരിയുടെ പരാതിയിൽ സി.ഐ.ഡി. ഉദ്യോഗസ്ഥയായ കനകലക്ഷ്മിക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.