കാറിനുള്ളിൽ അകപ്പെട്ട മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം….സൈനികനെതിരെ കേസെടുത്ത് പൊലീസ്….

മീററ്റ്: കാറിനുള്ളിൽ അകപ്പെട്ട മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. സൈനികനായ നരേഷിനെതിരെ കുഞ്ഞിന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് സൈനികനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാങ്കർഖേഡയിലാണ് സംഭവം.

ഹരിയാനയിലെ ജിന്ദ് സ്വദേശിയായ സോംബീർ പൂനിയ എന്ന സൈനികന്‍റെ മൂന്ന് വയസ്സുകാരിയായ മകൾ വർത്തികയാണ് മരിച്ചത്. ഫസൽപൂരിലെ രാജേഷ് എൻക്ലേവ് ആർമി കോളനിയിലാണ് സോംബീറും കുടുംബവും താമസിക്കുന്നത്. ഹിമാചൽ സ്വദേശിയായ ലാൻസ് നായിക് നരേഷും ഇവിടെയാണ് താമസിക്കുന്നത്.

വർത്തിക വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കാറിൽ ചുറ്റിക്കറങ്ങാമെന്ന് പറഞ്ഞ് നരേഷ് വിളിച്ചു. കുഞ്ഞിന്‍റെ അമ്മ റിതു ആദ്യം സമ്മതിച്ചില്ല. പക്ഷേ നരേഷ് വർത്തികയെ കാറിൽ കയറ്റിക്കൊണ്ടുപോയി. സുഹൃത്തുക്കളെ കണ്ടപ്പോൾ നരേഷ് കുഞ്ഞിനെ കാറിലിരുത്തി ലോക്ക് ചെയ്ത് പോയെന്നാണ് കുഞ്ഞിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നത്.

രാവിലെ 10:15 ഓടെയാണ് ആർമി കോളനിയിൽ നിന്ന് നരേഷ് പോയത്. എന്നാൽ ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ കുഞ്ഞിനെ അന്വേഷിച്ചിറങ്ങി. കാറിനടുത്ത് എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കാറിനുള്ളിലെ കനത്ത ചൂട് കാരണമാണ് മരണം സംഭവിച്ചത്.

Related Articles

Back to top button