ആശുപത്രിയിലെത്തിച്ചത് തൂങ്ങി മരിച്ചെന്ന് പറഞ്ഞ്..എന്നാൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തെളിഞ്ഞത് കൊലപാതകം….
തൂങ്ങിമരിച്ചെന്ന് പറഞ്ഞ് ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് വിധേമാക്കിയപ്പോഴാണ് മർദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് തെളിഞ്ഞത്.പള്ളിക്കുന്ന് വുഡ്‌ലാന്‍സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍, 29കാരന്‍ ബിബിന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലും തലയുടെ മുകള്‍ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകര്‍ന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ശേഷം ലഭിച്ച സൂചനകള്‍.
ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറന്‍സിക് സര്‍ജന്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന സംഘം ബിബിന്‍ ബാബുവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞിരിരുന്നത്.