പ്രമുഖ നാടൻപാട്ട് ഗായിക ശാരദ സിൻഹ അന്തരിച്ചു…..അന്ത്യം രക്താർബുദം ബാധിച്ച് എയിംസിൽ ചികിത്സയിൽ കഴിയുന്നതിനിടെ….
ന്യൂഡല്‍ഹി: പ്രമുഖ നാടൻപാട്ട് ഗായിക ശാരദ സിന്‍ഹ അന്തരിച്ചു. 72 വയസായിരുന്നു. രക്താർബുദം ബാധിച്ച് എയിംസിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 2018ലാണ് ശാരദ സിൻഹയ്ക്ക് രക്താർബുദം സ്ഥിരീകരിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടർന്ന് ഒക്ടോബർ 27നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മകന്‍ അന്‍ഷുമാന്‍ സിന്‍ഹയാണ് മരണവാര്‍ത്ത സ്ഥിരീകരിത്.
ബിഹാര്‍ കോകിലയെന്ന് അറിയപ്പെട്ടിരുന്ന ശാരദ സിന്‍ഹ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് ഇവര്‍ വഹിച്ചിട്ടുള്ളത്. നവംബർ 4ന് ശാരദ സിൻഹ പാടിയ അവസാന ആൽബം പുറത്തിറങ്ങിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മകനാണ് ആൽബം പുറത്തുവിട്ടത്.
ഹിന്ദി സിനിമയിലും പാടിയിട്ടുണ്ട്. മേനെ പ്യാര്‍ കിയയിലെ കഹേ തോ സെ സജ്‌ന, ഗ്യാങ്‌സ് ഓഫ് വാസ്സെപൂരിലെ താര്‍ ബിജിലി, ഹം ആപ്‌കെ ഹേന്‍ കോനിലെ ബബുള്‍ ജോ തും നേ സികായ തുടങ്ങിയവ പ്രധാന ഗാനങ്ങളാണ്. 1952 ഒക്ടോബര്‍ ഒന്നിന് ബിഹാറിലാണ് ജനനം. 1991ല്‍ പദ്മശ്രീയും 2018ല്‍ പദ്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു. നരേന്ദ്രമോദി, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖര്‍ ശാരദ സിന്‍ഹയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചു.