അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണംപോയ ഫോണുകൾ ചോര്‍ ബസാറില്‍..കേരളാപോലീസ് ഡൽഹിയിലേക്ക്…

അലൻ വാക്കറുടെ ഡിജെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ നിർണായക വിവരം. മൊബൈൽ ഫോണുകൾ എത്തിയത് ഡൽഹിയിലെ ചോർ ബസാറിലാണെന്ന് പൊലീസിനു വിവരം ലഭിച്ചു. മോഷണം പോയ മൂന്ന് ഐഫോണുകളിൽനിന്നാണ് അന്വേഷണസംഘത്തിന് ഇതു സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. അന്വേഷണസംഘം ഉടൻ ഡൽഹിയിലെത്തും. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളാണ് ഡൽഹിക്ക് പുറപ്പെടുക.

കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് 21 ഐഫോണുകൾ ഉൾപ്പെടെ 35 ഫോണുകൾ നഷ്ടമായതായി പരാതി ലഭിച്ചത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്. 5000ത്തിലേറെ പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടന്ന സ്ഥലത്ത് പൂർണമായും സിസിടിവി നിരീക്ഷണവുമുണ്ടായിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചാണു വൻ മോഷണം നടന്നത്. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ അടിച്ചുമാറ്റിയതെന്നാണു പൊലീസ് സംശയിക്കുന്നത്.

Related Articles

Back to top button