ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടപ്പോൾ പാര്‍ട്ടി തള്ളിപ്പറഞ്ഞവർ…ഇപ്പോൾ അവർക്ക് വേണ്ടി പാർട്ടി തന്നെ സ്മാരകം പണിയുന്നു…

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കായാണ് സ്മാരകം പണിതിരിക്കുന്നത്. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്.2015ല്‍ ഇവര്‍ കൊല്ലപ്പെട്ട സമയത്ത് പാര്‍ട്ടി ഇവരെ തള്ളിപ്പറഞ്ഞതാണ്. ഇവര്‍ക്ക് വേണ്ടിയാണിപ്പോള്‍ സ്മാരകം പണിതിരിക്കുന്നത്. സ്മാരകം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന തരത്തിലുള്ള പോസ്റ്ററും പ്രദേശത്ത് കാണാം. പാനൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ എകെജി നഗറിലാണ് സ്മാരകം.
2015 ജൂൺ ആറിനാണ് ഷൈജു, സുബീഷ് എന്നിവര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെടുന്നത്. കുന്നിൻ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടാവുകയായിരുന്നു. രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവം വിവാദമായപ്പോള്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അറിയിച്ചിരുന്നു. സ്ഫോടനവുമായും ബന്ധമില്ലെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ പിന്നീട്  ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അന്ന് ഏറ്റുവാങ്ങിയത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനായിരുന്നു. സംസ്കരിച്ചത് പാര്‍ട്ടി വക ഭൂമിയിലും ആയിരുന്നു. ഇവര്‍ ആര്‍എസ്എസിനെ പ്രതിരോധിക്കാനുള്ള നീക്കത്തിനിടെ കൊല്ലപ്പെട്ടവരാണ് അതിനാല്‍ ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ കാരണമെന്നായിരുന്നു അതിന് പി ജയരാജൻ നല്‍കിയ വിശദീകരണം.

Related Articles

Back to top button