സംസ്ഥാനത്ത് ചൂട് കൂടി വരുന്നു… തൃശൂരില്‍ സൂര്യാഘാതമേറ്റ് പശു കുഴഞ്ഞുവീണ് ചത്തു….

തൃശൂര്‍: സൂര്യാഘാതമേറ്റ് പശു ചത്തു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. എരുമപ്പെട്ടി സ്‌കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടില്‍ സ്റ്റീഫന്റെ പശുവാണ് ചത്തത്. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് എരുമപ്പെട്ടി വെറ്റിനറി സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ് മോര്‍ട്ടം നടത്തി.

പൂര്‍ണ്ണ ആരോഗ്യമുണ്ടായിരുന്ന പശുവിന് മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യസംഘം അറിയിച്ചു. ചൂടേറുന്ന സാഹചര്യത്തില്‍ മൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തണുത്ത ശുദ്ധജലം സദാസമയവും യഥേഷ്ടം ലഭ്യമാക്കണം, വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കണം. ദഹനത്തിന് കൂടുതല്‍ സമയം എടുക്കുന്ന വൈക്കോല്‍ ചൂട് കുറഞ്ഞിരിക്കുന്ന രാത്രി സമയത്തു മാത്രം നല്‍കണം. ധാരാളമായി പച്ചപുല്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചിരുന്നു.

Back to top button